ഡി പി സി തെരഞ്ഞെടുപ്പ്: ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി വിജയിച്ചു
പേരാമ്പ്ര: ജില്ലാ ആസൂത്രണ കമ്മിറ്റി (ഡി.പി.സി) യിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നഗരസഭ കൗൺസിലർമാരുടെ പ്രതിനിധികളിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മൽസരിച്ച ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി വിജയിച്ചു. ജില്ലയിലെ ഏഴ് നഗരസഭകളിലെ 265 കൗൺസിലർമാരിൽ നിന്നാണ് ജില്ലാ ആസൂത്രണ സമിതിയിലേക്ക് ഒരാളെ തിരഞ്ഞെടുത്തത്.
കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ 253 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
131 വോട്ട് യു.ഡി.എഫ്.സ്ഥാനാർത്ഥിയായ വി.പി.ഇബ്രാഹിം കുട്ടിക്കും 120 വോട്ട് എൽ.ഡി.എഫ്.സ്ഥാനാർത്ഥി വടകര നഗരസഭ ചെയർപേഴ്സനായ കെ.പി. ബിന്ദുവിനും ലഭിച്ചു.
ടാഗോർ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് ജില്ലാ കലക്ടർ സാംബശിവറാവു നിയന്ത്രിച്ചു.
വാശിയേറിയ തിരഞ്ഞെടുപ്പിൽ കോവിഡ് പോസറ്റീവ് ആയ രണ്ട് പേർ പി.പി.ഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാൻ എത്തിയത്.
കോഴിക്കോട് ജില്ലയിലെ നഗരസഭകളിൽ യു ഡി.എഫ് ആധിപത്യം വിളിച്ചോതുന്ന മിന്നുന്ന വിജയമാണ് വി.പി.ഇബ്രാഹിം കുട്ടിയുടേതെന്ന് മുസ്ലിo ലീഗ്ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാലയും ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്ററും പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയിലേക്ക് ജില്ലയിലെ നഗരസഭയിൽ നിന്നുള്ള കൗൺസിലർമാരുടെ പ്രതിനിധിയായി തെരഞ്ഞെടുത്ത വി.പി.ഇബ്രാഹിം കുട്ടിയെ ഡി.സി.സി.പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ, മുസ്ലിം ലീഗ് നേതാവ് ടി.ടി.ഇസ്മയിൽ എന്നിവർ ഷാൾ അണിയിച്ചു സ്വീകരിച്ചു.