ഡിസിസി പട്ടിക: തുറന്നടിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി


തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പട്ടികയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പരസ്യമായി രംഗത്ത്. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു.

ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്പെന്‍റ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്‍തി പ്രകടിപ്പിച്ചു. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

പരസ്യ പ്രതികരണത്തിലൂടെ വി ഡി സതീശനും കെ സുധാകരനും കെ സി വേണുഗോപാലിനും എതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും ഇന്നലെ താത്കാലികമായി സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കള്‍ തന്നെ ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്.

പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസിൻ‌റെ ഭാവി ഇല്ലാതാകുമെന്നായിരുന്നു അനിൽകുമാറിന്‍റെ വിമര്‍ശനം. അനിൽ കുമാറിന്‍റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ ശിവദാസന്‍ നായരും നടത്തിയത്. കെപിസിസി പ്രസിഡന്‍റിന്‍റേയും പ്രതിപക്ഷനേതാവിന്‍റെയും നാല് വർക്കിം​ഗ് പ്രസിഡന്‍റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ലെന്നായിരുന്നു ശിവദാസൻ നായർ പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരെയും സസ്‍പെന്‍റ് ചെയ്യുകയായിരുന്നു.