ഡിവെഎഫ്ഐ ദേശീയ അധ്യക്ഷനായി എ.എ.റഹീം; സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയും
ന്യൂഡൽഹി: ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ്റെ ചുമതല എ.എ.റഹീമിന് നൽകും. ദില്ലിയിൽ ചേർന്ന ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടോടെയുണ്ടാവും. താത്കാലിക ചുമതലയാണ് ഇപ്പോൾ റഹീമിന് നൽകുന്നതെങ്കിലും ഡിവൈഎഫ്ഐയുടെ അടുത്ത സമ്മേളനത്തിൽ റഹീം നേരിട്ട് അധ്യക്ഷനാവാണ് സാധ്യത. ഇന്നലെ ദില്ലിയിൽ ചേർന്ന ഫ്രാക്ഷൻ യോഗത്തിൽ റഹീമിന് ചുമതല നൽകുന്നത് സംബന്ധിച്ച് ധാരണയായിരുന്നു.
നിലവിലെ ഡിവെഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ് രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് സംഘടനാ ചുമതല ഒഴിയുന്നത്. റഹീം ദേശീയ നേതൃത്വത്തിലേക്ക് മാറുന്നതോടെ സംസ്ഥാന ഡിവെഎഫ്ഐ നേതൃത്വത്തിലും മാറ്റമുണ്ടാവാനാണ് സാധ്യത. പേരാമ്പ്ര സ്വദേശിയും സംസ്ഥാന ട്രഷററുമായ എസ്.കെ സജീഷ്, വി.കെ സനോജ്, എം.വിജിന്‍ എന്നിവരുടെ പേരുകൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന.. ഇക്കാര്യത്തിൽ വൈകാതെ തീരുമാനുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നിന്നുള്ള മറ്റൊരു നേതാവായ ജെയ്ക്ക് പി തോമസിനെ ഡിവൈഎഫ്ഐ ദേശീയ സെന്ററിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.