ഡല്‍ഹി എയിംസില്‍ പക്ഷിപ്പനി ബാധിച്ച് 11കാരന്‍ മരിച്ചു; രാജ്യത്ത് മനുഷ്യരില്‍ എച്ച്5എന്‍1 സ്ഥിരീകരിക്കുന്നത് ആദ്യം, അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം


ന്യൂഡൽഹി: ഹരിയാന സ്വദേശിയായ പതിനൊന്നുകാരൻ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസിൽ) പക്ഷിപ്പനി ബാധിച്ച് മരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എൻ1 സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മനുഷ്യരിൽ എച്ച് 5 എൻ1 സ്ഥിരീകരിക്കുന്നത്.

കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു സംഘം ഹരിയാനയിലേക്ക് തിരിച്ചു. ജാഗ്രത വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

രാജ്യത്ത് ജനുവരി ആദ്യം പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരുന്നു. എന്നാല്‍ മനുഷ്യരില്‍ ബാധിക്കാത്ത എച്ച്5എന്‍8 വൈറസ് സാന്നിധ്യമായിരുന്നു സ്ഥിരീകരിച്ചത്.
ഡല്‍ഹി, കേരളം, മധ്യപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി വ്യാപിച്ചിരുന്നു. വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പക്ഷികളെ കൊന്നിരുന്നു.

പക്ഷികളിൽ കടുത്ത ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ്‌ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. ചത്ത പക്ഷികൾ, രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്‌ഠം എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്.