ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധത്തിനുനേരെ പൊലീസ് അതിക്രമം; കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദിന് പൊലീസ് മര്‍ദ്ദനം-വീഡിയോ


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കര്‍ഷക വേട്ടക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അതിക്രമം. യു.പി ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി. കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദ്ദിച്ചു.

കൃഷ്ണപ്രസാദിന് മൈക്കിനു മുമ്പില്‍ നിന്ന് തള്ളിമാറ്റിയ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുകയും വാനിലേക്ക് കയറ്റുന്നതിനിടെ വയറില്‍ ഇടിക്കുകയുമായിരുന്നു. സമരം ചെയ്ത കിസാന്‍സഭ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പൊലീസ് നടപടി. പൊലീസ് ഒരുക്കിയ ബാരിക്കേഡിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു സമരക്കാര്‍. ഇതിനിടെയാണ് പൊലീസ് അതിക്രമമഴിച്ചുവിട്ടത്.

കഴിഞ്ഞദിവസം ലഖിംപൂര്‍ ഖേരിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഇതുവരെ പത്തുപേരാണ് ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

വീഡിയോ (കടപ്പാട്: മാതൃഭൂമി)