ട്രോളി ബാഗില്‍ ഒളിപ്പിച്ചു കഞ്ചാവ് കടത്താന്‍ ശ്രമം, 12 കിലോയിലധികം കഞ്ചാവുമായി വടകര അഴിയൂര്‍ സ്വദേശി പിടിയില്‍


വടകര: ട്രോളി ബാഗില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂര്‍ സ്വദേശി എക്‌സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂര്‍ സലീനം ഹൗസില്‍ ശരത് വത്സരാജ് (39) ആണ് പിടിയിലായത്. ഇന്നലെ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സി.ഐ.ടി.അനികുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ആന്ധ്രാപ്രദേശില്‍ നിന്നും ബെംഗളൂരു വഴി കേരളത്തിലെത്തിച്ചതായിരുന്നു കഞ്ചാവ്. കര്‍ണാടക വോള്‍വോ ബസില്‍ താമരശ്ശേരിയില്‍ എത്തിയ പ്രതിയെ പഴയ ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവ് കൈമാറാനായി കാത്തുനില്‍ക്കുമ്പോഴാണ് ബസിനെ പിന്‍തുടര്‍ന്നുവന്ന എക്‌സൈസ് സംഘം പിടികൂടിയത്. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. സമാന രീതിയില്‍ കഞ്ചാവുമായി ഇയാള്‍ നേരത്തെയും പിടിയിലായിരുന്നു. പലതവണ കഞ്ചാവ് കടത്തിയിട്ടുള്ള പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

പ്രിവന്റിവ് ഓഫിസര്‍ ടി. പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ മുഹമ്മദലി, താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, ഡ്രൈവര്‍വര്‍ രാജീവ് എന്നിവരുടെ നേതൃതൃത്വത്തില്‍ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.