ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി


പേരാമ്പ്ര: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ സമിതിയുടെ ആഹ്വാന പ്രകാരം നടന്ന ഭാരത ബന്ദിന് പിന്തുണ പ്രകടിപ്പിച്ച് വിവിധ ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ പേരാമ്പ്രയില്‍ പൂര്‍ണ്ണം. ഹര്‍ത്താലിനോടനുബന്ധിച്ച് പേരാമ്പ്ര ടൗണില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.

പ്രകടനത്തിന് ശേഷം ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ ധര്‍ണ്ണ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി.കെ ലോഹിതാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. എ.കെ ചന്ദ്രന്‍ മാസ്റ്റര്‍, പി.രാജീവന്‍, പി.കെ റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് ടി.കെ ലോഹിതാഷന്‍ (സി.ഐ.ടി.യു), ടി.ശിവദാസന്‍ (എ.ഐ.ടി.യു.സി), പി.കെ റഹിം (എസ്.ടി.യൂ), പി.രാജിവന്‍ (ഐ.എന്‍.ടി.യു.സി) തുടങ്ങിയവര്‍ നേതൃത്വം നല്കി.

പേരാമ്പ്ര മേഖലയിലെ കടകളും വാണിജ്യ സാമ്പത്തിക തൊഴില്‍ സ്ഥാപനങ്ങള്‍ എല്ലാം ഇന്ന് അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ ഓടയില്ല.
വ്യാപാരികളും തൊഴിലാളി സംഘടനകളുമെല്ലാം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും തന്നെ പേരാമ്പ്രയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങിയിട്ടില്ല.