ടോക്യോ ഒളിമ്പിക്‌സിന്റെ ആവേശത്തിമര്‍പ്പില്‍ പേരാമ്പ്ര; ബാറ്റണുമായി ട്രാക്കിലൂടി നോഹ കുതിച്ചപ്പോള്‍ ആര്‍പ്പുവിളിച്ച് മലയോര ഗ്രാമം


പേരാമ്പ്ര: ‘മകൻ കുതിച്ചുപാഞ്ഞു’ പേരാമ്പ്ര ഉണ്ണിക്കുന്നും ചാലിനടുത്ത നെരവത്തുംപൊയിലിലെ വീട്ടിലിരുന്ന്‌ ചക്കിട്ടപാറ പൂഴിത്തോട്‌ മാവട്ടം തൈക്കടുപ്പിൽ ടോമിച്ചനും ആലിസ്‌ ലിയും സന്തോഷത്തോടെ പറഞ്ഞു. വെള്ളിയാഴ്‌ച ടോക്കിയോയിൽ മിക്‌സഡ്‌ 4×400 മീറ്റർ റിലേയിൽ ബാറ്റണുമായി നോഹ നിർമൽ ടോം കുതിക്കുന്നത്‌ ടെലിവിഷനിൽ തത്സമയം കാണാൻ വീട്ടുകാരോടൊപ്പം നാട്ടുകാരുമുണ്ടായിരുന്നു.

നോഹ ബാറ്റണേന്തിയതുമുതൽ പിരിമുറുക്കത്തിനിടയിലും ആവേശം ഇരട്ടിയായി. ദേശീയ റെക്കോർഡിനെ മറികടന്ന്‌ മികച്ച സമയം കുറിച്ച്‌ ഫിനിഷിങ്‌ ലൈൻ കടന്നപ്പോൾ കുടുംബത്തോടൊപ്പം നാട്ടുകാരും ആർപ്പുവിളിച്ചു. പേരിനൊപ്പം ഒളിമ്പ്യൻ എന്നുചേർക്കാൻ അർഹത ചക്കിട്ടപാറയിൽനിന്നുള്ള ജിൻസൺ ജോൺസനുശേഷം നോഹ നിർമൽ ടോമിനും സ്വന്തമായി.

മത്സരത്തിൽ ഒമ്പതാമതായാണ്‌ സംഘം ഫിനിഷ്‌ചെയ്‌തത്‌. 3.01.89 ആയിരുന്നു ദേശീയ റെക്കോർഡ്‌. സമയം മെച്ചപ്പെടുത്തി 2.59.6 സമയം സ്വന്തമാക്കി. മുഹമ്മദ്‌ അനസ്‌, ആരോക്യ രാജീവ്‌, അമോജ്‌ ജേക്കബ്‌ എന്നിവരായിരുന്നു മറ്റംഗങ്ങൾ.

26കാരനായ നോഹ തിരുവനന്തപുരം വ്യോമസേന കേന്ദ്രത്തിൽ സർജന്റാണ്‌. 2013ൽ ജൂനിയർ സൗത്ത്‌ ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ റിലേയിലും 2016ൽ സീനിയർ ഇന്റർ സ്‌റ്റേറ്റ്‌ മത്സരത്തിലും മെഡൽ നേടി. സഹോദരങ്ങളായ ആരോൺ ആശിഷ്‌, ജോയൽ ജ്യോതിഷ്‌, എബി ജോൺ, കെ സി ഹാരിസ്‌ എന്നിവർക്കൊപ്പം ടോമിച്ചന്റെ അമ്മ ത്രേസ്യ ജോണും നോഹയുടെ മത്സരം തത്സമയം കാണാനുണ്ടായിരുന്നു.