‘ടീച്ചര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നൂടേ, ആണും പെണ്ണും ഒരേ വസ്ത്രം ധരിക്കുന്നതിനോട് ഞങ്ങൾക്ക് യോജിക്കാനാകില്ല’; ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ മാര്‍ച്ച്
ബാലുശ്ശേരി: ലിംഗഭേദമന്യെ ഒരേ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്. മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. തീരുമാനം വസ്ത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ചാണ് പ്രതിഷേധം. വിചിത്രമായ വാദങ്ങളാണ് സമരക്കാര്‍ പ്രതിഷേധത്തിന് കാരണമായി ഉയര്‍ത്തിയിരിക്കുന്നത്.
‘ആണും പെണ്ണും ഒരേ വസ്ത്രം ധരിക്കണം എന്നുള്ളത് യുക്തിക്ക് യോജിക്കുന്നതല്ല. നാട്ടില്‍ ഇതുവരെ നിലനിന്നിരുന്ന തത്വത്തിന് എതിരാണത്. ഞങ്ങള്‍ ടീച്ചറോട് ചോദിച്ചിരുന്നു ടീച്ചര്‍ക്ക് മുണ്ടും കുപ്പായവുമിട്ടുവന്നൂടേ, കുട്ടികളില്‍ മാത്രം എന്തിന് ഇത് അടിച്ചേല്‍പ്പിക്കുന്നുവെന്ന്. മാഷന്മാര്‍ക്കും അങ്ങനെയൊരു ചെയ്ഞ്ചിനെക്കുറിച്ച് ആലോചിച്ചുകൂടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് കൃത്യമായ മറുപടിയില്ല. 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളില്‍ ഈ ഇരുനൂറ് പെണ്‍കുട്ടികളോടും ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ചുകൊണ്ട് വരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്നത്. അത് തീര്‍ത്തും തെറ്റായ ഒരു തീരുമാനമാണെന്ന് ഞങ്ങള്‍ക്ക് തോന്നുകയാണ്. രക്ഷിതാക്കളുടെയോ പി.ടി.എയുടെയോ ജനറല്‍ ബോഡി വിളിച്ചുകൊണ്ട് പൂര്‍ണമായ അംഗീകാരം നേടിയശേഷമല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നതാണ് പ്രതിഷേധത്തിന്റെ മൂലകാരണം. ആരുടെയോ ഭാഗത്തുനിന്നുള്ള കുത്സിതമായ ചിന്താഗതിയുടേയോ ലിബറല്‍ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനോ ഉള്ളതീരുമാനമാണിതെന്ന് ഞങ്ങള്‍ സംശയിക്കുകയാണ്.’ -ഇതാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞത്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുകയാണെങ്കില്‍ പ്രതിഷേധിക്കുമെന്ന് ഇന്നലെ ഇവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ രാവിലെ സ്‌കൂളിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എം.എസ്.എഫ് ഇന്നലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനെ കാണുകയും ചെയ്തിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതുമായി മുന്നോട്ടുപോകുമെന്നും അതേസമയം വിദ്യാര്‍ഥികളില്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കിയിരുന്നു.
ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്ലാ ലിംഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഒരേ വസ്ത്രം എന്നതിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. ഈസമയത്താണ് മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധവുമായെത്തിയത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.