ടി സി മാധവിയുടെ പോരാട്ടവഴികൾ ഈ നാടെന്നും നെഞ്ചോടു ചേർക്കും; കോവിഡ് കവർന്നെടുത്ത മേപ്പയ്യൂരിന്റെ വിപ്ലവകാരിക്ക് വിട


മേപ്പയ്യൂര്‍: കൊവിഡ് കവവര്‍ന്നത് മേപ്പയ്യൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത വ്യക്തിത്വത്തെ. ടി.സി.മാധവിയാണ് കൊവിഡ് ബാധിച്ച് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കേളേജില്‍ മരണത്തിന് കീഴടങ്ങിയത്. സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുമായിരുന്ന ടി.സി.കണ്ണന്റെ സഹധര്‍മ്മിണിയാണ് മാധവി.

ത്യാഗോജ്വലമായ ജീവിതം നയിച്ച മാധവിക്ക് മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ചെറുപ്പം കാലം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളതിനാല്‍ നിരവധി തവണ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കാണ് മാധവി വിധേയമായത്. എന്നിട്ടും തന്റെ പാതയില്‍ നിന്നും വ്യതിചലിക്കാന്‍ മാധവി തയ്യാറായിരുന്നില്ല.

കൂത്താളി സമരപോരാളി ടി.സി.ചാത്തു മാധവിയുടെ സഹോദരനായിരുന്നു. ഭരണകൂടം കമ്യൂണിസ്റ്റ് വേട്ടയുമായി ഇറങ്ങിയ കാലത്ത് ചാത്തുവിനെത്തേടിവരുന്ന പോലീസിന്റെ നിരന്തര ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയത് സഹോദരി മാധവിയായിരുന്നു. അമ്മിക്കല്ലും ഉരലും ഭക്ഷണവുമെല്ലാം പോലീസ് വീട്ടുകിണറ്റില്‍ വലിച്ചെറിയുകയായിരുന്നു പതിവ്. മര്‍ദ്ദനങ്ങള്‍ ഏറ്റു വാങ്ങിയപ്പോഴും പ്രസ്ഥാനത്തെ മാധവി ചേര്‍ത്ത് പിടിച്ചിരുന്നു. കമ്യൂണിസ്റ്റ് ചെറുത്തുനില്‍പ്പിന്റെ ത്യാഗപൂര്‍ണ്ണമായ ഒരേടായിരുന്നു മാധവിയുടെ ജീവിതം.

മേപ്പയ്യൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ മറക്കാനാകാത്ത ഏടാണ് ടി.സി.മാധവിയുടെ ജീവിതം. കൂത്താളി സമരപോരാളി ടി.സി.ചാത്തുവിന്റെ സഹോദരിയും, സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുമായിരുന്ന കെ.സി.കണ്ണന്റെ സഹധർമ്മിണിയുമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെറുത്ത് നിൽപിന്റെ ഭാഗമായിരുന്നു സഖാവ് മാധവിയുടെ ജീവിതം. ത്യാഗോജ്ജ്വലമായ ആ ജീവിതം കോവിഡിന് മുന്നിൽ കീഴടങ്ങിയിരിക്കുന്നു. ടി.സി.മാധവിയെന്ന പോരാളിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ

-ടി.പി.രാമകൃഷ്ണൻ പേരാമ്പ്ര എം.എൽ.എ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കാണുന്ന നിലയിലെത്തുന്നത് നിരവധി പേരുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മേപ്പയ്യൂരിലെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ടി സി മാധവി സുപ്രധാന പങ്കാണ് വഹിച്ചിരുന്നത്. സഹോദരനെ തേടിയെത്തുന്ന പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായപ്പോഴും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. ടി സി മാധവിയുടെ പെട്ടെന്നുള്ള വേര്‍പാട് മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ്

-കെ ടി രാജന്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

മക്കള്‍: ടി.സി. ഗോവിന്ദന്‍ ,രാജന്‍, പുഷ്പ, രാജീവ്, പരേതനായ ഭാസ്‌കരന്‍ . മരുമക്കള്‍ : ജാനകി , പ്രീതി ലത, സുധ. കെ.കെ.ഗോവിന്ദന്‍ ,ജയ വല്ലി.

സഹോദരങ്ങള്‍: ടി.സി.നാരായണി, പരേതരായ സ്വാതന്ത്ര്യ സമര സേനാനികളായ ടി.സി. ചാത്തു, ടി.സി. ഗോപാലന്‍ .ടി.സി. അപ്പു,പെണ്ണൂട്ടി, ടി.സി. നാരായണന്‍.