ടി.പി.ആര്‍ നിരക്കും കോവിഡ് കേസുകളും ഉയരുന്നു; ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് രോഗബാധ, 659 പേര്‍ രോഗമുക്തി നേടി
കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വര്‍ദ്ധനവ്. ഇന്ന് 554 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.23 ശതമാനമായി ഉയര്‍ന്നു. ഇന്നലെയിത് 10.23 ആയിരുന്നു. രോഗമുക്തി നിരക്കില്‍ ഇന്നും വര്‍ദ്ധനവുള്ളത് ആശാവഹമാണ്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേര്‍ കൂടി രോഗമുക്തി നേടി.
കൊവിഡ് പോസിറ്റീവായവരില്‍ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 4986 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് 6497 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3022 പേര്‍ ഉള്‍പ്പടെ 20074 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1173787 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4045 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്‌സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.