ടി ആര്‍ പി നിരക്ക് ഉയരുന്നു; പഴുതടച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ചങ്ങരോത്ത് പഞ്ചായത്ത്, വിശദാംശങ്ങള്‍ വായിക്കാം


ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. പത്ത് ദിവസം മുമ്പ് പഞ്ചായത്തില്‍ 84 രോഗികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാലിപ്പോള്‍ രോഗികളുടെ എണ്ണം 150 ന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ അടിയന്തരമായിമായി കോര്‍ കമ്മിറ്റി യോഗം വിളിച്ച് ചേര്‍ത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ടാക്‌സികള്‍ക്ക് സര്‍വ്വീസ് നടത്തുന്നതിനായി ഒറ്റ-ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും യോഗത്തില്‍ തീരുമാനമായി.

കോര്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍

1.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നമ്മുടെ ഗ്രാമപഞ്ചായത്തിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ഉച്ചക്ക് രണ്ടുമണി വരെ മാത്രമേപ്രവര്‍ത്തിക്കാന്‍ പാടുള്ളൂ .
2.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാവൂ.
3.മറ്റുള്ള കച്ചവടസ്ഥാപനങ്ങള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ രണ്ടുമണിവരെ പ്രവര്‍ത്തിക്കാം .
4.ശനി ഞായര്‍ ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡോണ്‍ ആയിരിക്കുന്നതാണ്. ശനി ഞായര്‍ ദിവസങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളും പാര്‍സല്‍ നല്‍കുന്നതിന് ഹോട്ടലുകളും അഞ്ചുമണി വരെ പ്രവര്‍ത്തിക്കാം.
5.ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ടാക്‌സികള്‍ഒറ്റ നമ്പര്‍ ഇരട്ട നമ്പര്‍ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ.
6.പഞ്ചായത്ത് ഓഫീസ് നാളെ മുതല്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരിക്കുന്നു.
7.കടകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ജോലിക്ക് ആളെ നിര്‍ത്താന്‍ പാടുള്ളതല്ല.ഒന്നര മാസത്തിനിടയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ കടകള്‍ തുറക്കാന്‍ കഴിയൂ.
8.ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ കോവി ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്.
9.വാഹനങ്ങളില്‍ വെച്ച് നടത്തുന്ന തെരുവോരക്കച്ചവടം പഞ്ചായത്തില്‍ നിരോധിച്ചിരിക്കുന്നു.
10.ശാരീരിക അകലം പാലിക്കാതെയുള്ള എല്ലാവിധ കളികളും നിരോധിച്ചിരിക്കുന്നു.