ടിപിയുടെ ബൈക്കിന്റെ നമ്പര്‍ ഇനി എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിന്; എംഎല്‍എക്ക് വാഹനം അനുവദിച്ചത് ഇന്നലെ, ടി.പിയുടെ ബൈക്ക് ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ച് കെ.കെ രമ


വടകര: ഏതു പാതിരാത്രിക്കും നാട്ടുകാര്‍ക്കു വേണ്ടി ടി.പി.ചന്ദ്രശേഖരന്‍ ഓടിയെത്തിയത് ഒരു നീല ബൈക്കിലായിരുന്നു. ആ ബൈക്ക് എത്താത്ത നാട്ടുവഴികള്‍ ചുരുക്കം. വെട്ടേറ്റു മരിക്കുമ്പോള്‍ പോലും ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനൊപ്പമുണ്ടായിരുന്ന ആ ബൈക്കിന്റെ നമ്പര്‍ ഇനി കെ.കെ.രമ എംഎല്‍എയുടെ ഔദ്യോഗിക കാറിന്റെ നമ്പറാകും. KL 18A 6395 എന്നതായിരുന്നു ടിപിയുടെ ബൈക്കിന്റെ നമ്പര്‍. കെ.കെ.രമയുടെ പുതിയ കാറിന് അനുവദിച്ചു കിട്ടിയത് KL18 AA 6395.

എംഎല്‍എയ്ക്കു സഞ്ചരിക്കാന്‍ വാഹനം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഈ നമ്പര്‍ തന്നെ വേണമെന്നായിരുന്നു തീരുമാനം. ഇതിനായി ഒരു മാസം മുന്‍പു മോട്ടര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കി. ഇന്നലെയാണു വാഹനം അനുവദിച്ചുകിട്ടിയത്.
ടി.പി.ചന്ദ്രശേഖരന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണു വെട്ടേറ്റു മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ബൈക്ക് പൊലീസ് ഏറ്റെടുത്തിരുന്നു. വിചാരണ നടപടികള്‍ പൂര്‍ത്തിയായ ശേഷം കോടതിയില്‍നിന്ന് ഏറ്റു വാങ്ങിയ ബൈക്ക് അന്നു മുതല്‍ വീട്ടിലെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

“പണം മുടക്കി സ്വന്തമായി വാങ്ങിയ ആദ്യത്തെ ബൈക്കായിരുന്നു അത്. ആ വണ്ടിയോടു വലിയ സ്‌നേഹമായിരുന്നു. ഏതു പാതിരാത്രി ആരു വിളിച്ചാലും അതെടുത്തായിരുന്നു യാത്ര. വധഭീഷണിയുണ്ടായിരുന്ന കാലത്ത് മറ്റാര്‍ക്കും ലിഫ്റ്റ് പോലും നല്‍കാറില്ല. ആര്‍ക്കും അപകടമുണ്ടാകരുതെന്നു കരുതിയായിരുന്നു അത്. ചന്ദ്രേട്ടന്റെ ഓര്‍മ എല്ലാ രൂപത്തിലും മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കണമെന്നുള്ളതു കൊണ്ടാണ് എംഎല്‍എ വാഹനത്തിനും ഇതേ നമ്പര്‍ നല്‍കിയത്” കെ.കെ.രമ പറഞ്ഞു. നേരത്തേ ടിപി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഈയിടെ പുനഃസ്ഥാപിച്ചിരുന്നു.