ടിക്കറ്റ് വില്‍പനയില്‍ ബംമ്പറടിച്ച് സര്‍ക്കാര്‍; നേടിയത് 126 കോടി രൂപ


തിരുവനന്തപുരം: തിരുവോണം ബംമ്പര്‍ 12 കോടി അടിച്ച‍ വ്യക്തിക്കായി കേരളം തിരയുമ്പോൾ ടിക്കറ്റ് വിൽ‍പനയിലൂടെ ആദ്യം ബംമ്പറടിച്ചത് സംസ്ഥാന സർക്കാരിന്. 126 കോടി രൂപയുടെ വരുമാനമാണ് ബംമ്പര്‍ ടിക്കറ്റ് വിൽ‍പനയിലൂടെ സർക്കാരിന് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ വർഷം ഓണം ബംമ്പര്‍ വിൽ‍പനയിലൂടെ 103 കോടി രൂപയുടെ വരുമാനം ലഭിച്ചു.

ഇത്തവണ 54 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ച‍തിൽ മുഴുവൻ ടിക്കറ്റുകളും വിൽക്കാനായത് ലോട്ടറി വകുപ്പിന്റെ വൻ നേട്ടമാണ്. 54 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച വകയിൽ 126,56,52,000 രൂപയുടെ വരുമാനമാണ് (28% ജിഎസ്ടി കി‍ഴഇച്ച്) സർക്കാരിനു ലഭിച്ചത്. ഇതിലൂടെ ആകെ 30.54 കോടി രൂപ ലാഭമായി സർക്കാരിനു ലഭിച്ചു. 300 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം തിരുവോണം ബംപർ 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 44,09,980 ടിക്കറ്റുകൾ വിറ്റു. അച്ചടി‍പ്പിശകു കാരണം 20 ടിക്കറ്റുകൾ വി‍റ്റില്ല. ടിക്കറ്റ് വിൽ‍പനയിലൂടെ 103 കോടി രൂപ മൊത്തം വരുമാനം കഴിഞ്ഞ വർഷം കിട്ടി. ഇതിൽ 23 കോടി രൂപയാണ് സർക്കാരിനു ലാഭമായി കിട്ടിയത്.

ആ ഭാഗ്യശാലിക്കു കിട്ടും 7.39 കോടി

ബംപർ ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക്, 12 കോടി രൂപയിൽ ഏജന്റ്സ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കി‍ഴിച്ച് 7.39 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായ 1 കോടി രൂപ 6 പേർക്കും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ആകെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്റ് പ്രൈ‍സായും വിതരണം ചെയ്യും.