ഞാന്‍ അല്ല ആ ഭാഗ്യവാനെന്ന് ഷിബിന്‍; വിഷു ബമ്പര്‍ വിജയി ആരെന്നറിയാതെ നാട്‌


കോഴിക്കോട്: ഇത്തവണത്തെ വിഷു ബമ്പര്‍ വടകരയില്‍ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതോടെ വിജയിയെ കാത്തിരിക്കുകയാണ് ജനങ്ങള്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ വിഷു ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. എല്‍ബി 430240 എന്ന നമ്പറിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. വടകര തിരുവള്ളൂര്‍ ഭാഗത്താണ് ആ ടിക്കറ്റ് വിറ്റതെന്നാണ് ഏജന്റ് പറയുന്നത്. എന്നാല്‍ ആരാണ് കോടിപതിയെന്ന കാര്യം വ്യക്തമായിട്ടില്ല. എന്നാല്‍ ബമ്പര്‍ തിരുവള്ളൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതോടെ ശരിക്കും പൊല്ലാപ്പിലായിരിക്കുകയാണ് വ്യാപാരിയായ ഷിബിന്‍.

ഷിബിനാണ് വിഷു ബംബര്‍ ലോട്ടറി അടിച്ചതെന്ന പ്രചാരണം നാട്ടില്‍ കാട്ടുതീ പോലെ പരന്നതാണ് അദ്ദേഹത്തെ ശരിക്കും ബുദ്ധിമുട്ടിലാക്കിയത്. നിരന്തരമായി ഷിബിന്റെ ഫോണിലേക്ക് കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നും ഷിബിന്‍ പറയുന്നു. മാധ്യമങ്ങളില്‍ നിന്നും പഞ്ചായത്ത് ഓഫീസില്‍ നിന്നും വിവിധ ബാങ്കുകളില്‍ നിന്നടക്കം നിരവധി കോളുകളാണ് വരുന്നത്. ഇതിനെല്ലാം മറുപടി പറഞ്ഞ് തളര്‍ന്നതായും ഷിബിന്‍ പറയുന്നു.

തിരുവള്ളൂരില്‍ പച്ചക്കറി കച്ചവടവും സര്‍വീസ് സെന്ററും നടത്തുകയാണ് ഷിബിന്‍. സുഹൃത്തുക്കള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ലോട്ടറി അടിച്ചെന്ന തരത്തിന്‍ നടത്തിയ പരാമര്‍ശമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നതെന്നാണ് ഷിബിന്‍ സംശയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ബമ്പര്‍ അടിച്ച ആളെ കണ്ടെത്തിയാല്‍ തന്റെ പൊല്ലാപ്പ് അവസാനിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് ഷിബിന്‍ ഇപ്പോള്‍.