ഞങ്ങള്‍ കഥ പറഞ്ഞിരിക്കുന്നിടമാണ്, എല്ലാം ഓര്‍മ മാത്രമാവുന്നു; ദേശീയപാതാ വികസനത്തില്‍ അപ്രത്യക്ഷമാവുന്ന പൊയില്‍ക്കാവങ്ങാടി; സിയാബ് പൊയില്‍ക്കാവിന്റെ എഫ്ബി പോസ്റ്റ് വൈറല്‍


പൊയില്‍ക്കാവ്: സംസ്ഥാനത്തെ ദേശീയപാതാ വികസനം ദ്രുതഗതിയില്‍ നീങ്ങുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയായ എന്‍എച്ച് 66 ആണ് മൂന്നുവരിപ്പാതയാക്കുന്നത്.

ദേശീയ പാത വികസന പദ്ധതിയും അര്‍ദ്ധ അതിവേഗ റെയില്‍പ്പാത പദ്ധതിയും പൂര്‍ത്തീകരിക്കുമ്പോള്‍ കേരളം നാളിന്നു വരെ കണ്ടിട്ടില്ലാത്ത അടിസ്ഥാന സൗകര്യ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ, ഐടി, ടൂറിസം വികസനത്തിനാവും സാക്ഷ്യം വഹിക്കുക. വികസനത്തില്‍ സ്ഥലവും വീടും പോകുന്ന നിരവധി പേരുണ്ട്, അവരുടെ ദുരിതമകറ്റാനും സഹായിക്കാനും സര്‍ക്കാര്‍ തയ്യാറാവണം. വികസനത്തിന്‍ എല്ലാ പിന്തുണയും നല്‍കുന്നുവെന്നാണ് സിയാബ് പൊയില്‍ക്കാവിന്റെ എഫ്ബി പോസ്റ്റ്.

എഫ് ബി പോസ്റ്റ് പൂര്‍ണരൂപത്തില്‍

ഞങ്ങളുടെ അങ്ങാടികള്‍
വഴി മാറുകയാണ്.
ദേശീയപാതാ വികസനത്തിനായി…
പറഞ്ഞുപറഞ്ഞ് അവസാനം
പുലി വരികയാണ്.
അഞ്ചരപ്പതിറ്റാണ്ടു കാലമായി
ഇതാ വരുന്നു എന്ന് കേട്ടുകൊണ്ടേയിരുന്ന ദേശീയപാതാ വികസനം അവസാനം യഥാര്‍ഥ്യമാവുന്നു.
സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
വന്‍കിട കമ്പനിയായ അദാനി ഗ്രൂപ്പ് കാരറേറ്റെടുത്ത് പ്രാരംഭ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
രണ്ടുമൂന്നു വര്‍ഷംകൊണ്ട്
നാല്പത്തിയഞ്ച് മീറ്റര്‍ വീതിയില്‍ ആറുവരിപ്പാത വരുമെന്നകാര്യം
ഏതാണ്ട് ഉറപ്പായിരിക്കുന്നു.
പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്.
ദേശീയപാതാ വികസനത്തിനായി വഴിമാറിക്കൊടുക്കുന്ന കുറെ അങ്ങാടികളുണ്ട് ഞങ്ങളുടെ നാട്ടില്‍.
പതിറ്റാണ്ടുകളായി പല തലമുറകള്‍ ക്രയവിക്രയം നടത്തിയ
ജീവനുള്ള കവലകള്‍.
അവയില്‍ പലതും ഇല്ലാതാവുകയാണ്.
അതിലൊന്നാണ് ഞങ്ങളുടെ സ്വന്തം പൊയില്‍ക്കാവ് അങ്ങാടി.
നിരത്തിനിരുവശവുമുള്ള ഏതാണ്ടെല്ലാ കടകളും ഇടിച്ചു നിരത്തിയാണ് അത്യാധുനിക ആറുവരിപ്പാത വരുന്നത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെപ്പോലെ അന്ത്യം കാത്ത് കഴിയുകയാണ് ഈ കെട്ടിടക്കോലങ്ങള്‍.
ഭൗതികമായും ആത്മീയമായും ശോഷിച്ച കുറെ അസ്ഥിക്കൂടങ്ങളാണ് ഇവയെങ്കിലും എഴുപതും തൊണ്ണൂറുമൊക്കെ പ്രായമുള്ള ഈ കെട്ടിടങ്ങള്‍ക്ക് ഗൃഹാതുരമായ കുറെ ഓര്‍മ്മകളും ജീവിതങ്ങളും പറയാനുണ്ട്.
ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളെപ്പോലെ
ഈ നാടിന്റെ മനസ്സുകളില്‍
ചിരപ്രതിഷ്ഠ നേടിയ ചില മുഖങ്ങള്‍ ജീവിച്ച കുറെ കച്ചവട കേന്ദ്രങ്ങള്‍.
ജനതാ ഹോട്ടലിലെ മൂസക്കയും പച്ചക്കറി ശ്രീധരേട്ടനും റേഷന്‍കടയിലെ കോരുവേട്ടനും ബാര്‍ബര്‍ ബാലേട്ടനും ടൈലര്‍ ശിവദാസേട്ടനും വലിയങ്ങാടി മൂസ്സക്കുട്ടിക്കയും ദേശപ്രിയ കേളുക്കുട്ടിയേട്ടനും വിക്ടറി സേതുവേട്ടനും ബേക്കറി മമ്മദ്ക്കയും
ഹൈവേ ശിവദാസേട്ടനുമൊക്കെ
ഈ പറിച്ചുനടലിനുമുമ്പേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അവരുടെ പിന്‍തലമുറക്കാര്‍ ഈ അങ്ങാടിയെ സജീവമാക്കി നിലനിര്‍ത്തിയിരുന്നു.
ഇന്ന്, ജൂണ്‍ ഇരുപതിയൊന്നിന് ഇവരിലധികപേരും കടയൊഴിഞ്ഞ് അവരവരുടെ താക്കോല്‍ ദേശീയപാതാ അധികൃതര്‍ക്ക് കൈമാറുകയാണ്.
ഇവരില്‍ പലര്‍ക്കും പൊക്കിള്‍ക്കൊടി ബന്ധമുള്ള ഇടങ്ങളാണ്
ഈ വ്യാപാര കേന്ദ്രങ്ങള്‍.
നാടിന്റെ അനിവാര്യതയ്‌ക്കൊപ്പം നിന്നുകൊണ്ടാണ് നഷ്ടപരിഹാരത്തിന്റെ മൂല്യത്തിനപ്പുറം ആത്മബന്ധമുള്ള കടമുറികള്‍ ഓരോരുത്തരും വിട്ടു നല്‍കുന്നത് എന്നതില്‍ സംശയമേതുമില്ല.
ദേശീയപാതാ വികസനം പതിറ്റാണ്ടുകള്‍ക്ക് മുമ്പേതന്നെ അത്യന്താപേക്ഷിതവും അത്യാവശ്യവുമായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് വരെ ദേശീയപാതയോട് ചേര്‍ന്നുള്ള വീട്ടില്‍ ജീവിച്ച ഒരാളെന്ന നിലയില്‍ മൂന്നരപ്പതിറ്റാണ്ടുകാലത്തെ വ്യത്യസ്ഥമായ അനുഭവങ്ങളുണ്ട് എനിക്കും എന്റെ സഹോദരന്മാര്‍ക്കും.
വീട്ടിലുള്ളവര്‍ പറഞ്ഞ അറിവുവെച്ച് ദേശീയപാതാ വികസനത്തിന് സ്ഥലമെറ്റെടുക്കാന്‍ ഞങ്ങളുടെ പറമ്പില്‍ ആദ്യമായി സര്‍വ്വേ കല്ല് സ്ഥാപിച്ചത് ആയിരത്തിത്തൊള്ളായിരത്തി
അറുപത്തി എട്ടിലാണ്.
രണ്ടു വര്‍ഷംകൊണ്ട് പണി തുടങ്ങുമെന്നായിരുന്നു
അന്ന് പറഞ്ഞത് പോലും.
കാലമങ്ങനെ കടന്നു പോയി.
റോഡ് വികസനം ഇന്നുവരും നാളെവരും എന്ന് കാത്ത് കാത്തിരുന്നു.
ഇതിന്റെ പേരില്‍ പലര്‍ക്കും സ്വന്തം സ്ഥലത്തെ പല നിര്‍മ്മിതികള്‍ക്കും പഞ്ചായത്ത് അനുമതി നിഷേധിച്ചു.
എണ്‍പതുകളുടെ മധ്യത്തില്‍ എന്റെ കുട്ടിക്കാലത്ത് റോഡിലൂടെ ഉത്സവത്തിന് കൊണ്ടുപോയ ഒരു ആന പെട്ടെന്ന് ഇടഞ്ഞ് ഞങ്ങളുടെ കോണി പാഞ്ഞുകയറിയത് എനിക്കോര്‍മ്മയുണ്ട്.
കോണിയുടെ കുറേ കല്ലുകള്‍
അന്ന് അടര്‍ന്നുപോയി.
റോഡ് വികസനം വരുമ്പോള്‍ പൊളിച്ചുമാറ്റേണ്ടിവരുന്ന കോണി നന്നാക്കിയാല്‍ അത് വെറുതെയാവുമല്ലോ എന്നുകരുതി എന്റെ ഉപ്പാപ്പ
അതിന് തയ്യാറായില്ല.
വാര്‍ദ്ധക്യ സഹജമായ രോഗം വന്ന്
ഉപ്പാപ്പ പോയിട്ട് ഇപ്പോള്‍
മുപ്പത്തിമൂന്ന് വര്‍ഷം കഴിഞ്ഞു.
റോഡ് വികസനത്തിന് സ്ഥലം കൊടുത്ത് പുതിയ റോഡിലൂടെ വിശാലമായി യാത്ര ചെയ്യാം എന്നാശിച്ചവരൊക്കെ എന്നേ പോയി മറഞ്ഞ് ഇപ്പോള്‍ മൂന്നാം തലമുറയില്‍ എത്തിനില്‍ക്കുന്നു.
അവിടുന്നിങ്ങോട്ട് വാഹങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച ഭീകരമാണ്.
കുട്ടിക്കാലത്ത് കോലായിലിരുന്ന് ഞങ്ങള്‍ ബസ്സും കാറും എണ്ണി മത്സരം കളിക്കുമായിരുന്നു.
ഓരോരുത്തര്‍ക്കും ഓരോ തരം വാഹനം നറുക്കിട്ടെടുക്കും.
റോഡിലൂടെ ആ വാഹനം പോയാല്‍ അത് കിട്ടിയ ആള്‍ക്ക് ഒരു മാര്‍ക്ക്.
കാറ് കിട്ടിയ ആള്‍ക്ക് പത്തെണ്ണമാവാന്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വേണ്ടിയിരുന്നു.
ലോറിയും ബസ്സുമൊക്കെ അപ്പോഴേക്കും മുന്നില്‍ കയറിയിട്ടുണ്ടാവും.
ഏത് വാഹനം കിട്ടിയവനും അമ്പതാവാന്‍ ഒന്നൊന്നര മണിക്കൂര്‍ ഉറപ്പ്.
എന്നാലിന്നോ, റോഡ് ഒന്ന് മുറിച്ചുകടക്കാന്‍പോലും പത്തും പതിനഞ്ചും മിനുട്ട് കാത്തുനില്‍ക്കേണ്ട അവസ്ഥ.
വീതികുറഞ്ഞ റോഡില്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെടുന്ന ജീവിതങ്ങള്‍.
പകലും രാത്രിയും നട്ടപ്പാതിരയ്ക്കും അപകടശബ്ദം കേട്ട് റോഡിലേക്കോടിച്ചെല്ലുമ്പോള്‍ ജീവന്റെ അവസാന പിടച്ചില്‍ കണ്ട് മനസ്സ് വിറങ്ങലിച്ച ഒരുപാട് നേരനുഭവങ്ങളുണ്ട്.
ചെറിയ കാര്യത്തിനുപോലും ഗതാഗത സ്തംഭനമുണ്ടായി അതില്‍ കുടുങ്ങുന്ന ആംബുലന്‍സുകളില്‍ അന്ത്യശ്വാസംവലിക്കാന്‍ വിധിക്കപ്പെട്ട നിരവധി അത്യാഹിത രോഗികള്‍.
പല അടിയന്തിര കാര്യങ്ങള്‍ക്കും സമയത്തെത്താനാവാതെ ഏറെ വിലപ്പെട്ട പലതും നഷ്ടപ്പെട്ട ഒരുപാടൊരുപാടുപേര്‍.
പതിറ്റാണ്ടുകള്‍ വൈകിയാണെങ്കിലും ദേശീയപാതാ വികസനം യഥാര്‍ഥ്യമാവുന്നു എന്നതില്‍ വളരെ സന്തോഷമുണ്ട്.
നാടിന്റെ വികസനത്തിന് തന്റെ വിലമതിക്കാനാവാത്ത ആസ്തികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് വിട്ടുനല്‍കുന്നവരെ ചേര്‍ത്തു നിര്‍ത്താനാവണം നമുക്ക്.
വരും തലമുറകളുടെകൂടി നല്ലജീവിതത്തിനായി, ആരുടേയും സങ്കടവും കണ്ണീരും ശാപവുമില്ലാതെ ദേശീയപാതാ വികസനം പൂര്‍ത്തിയാക്കാനായാല്‍ ഏറെ അഭിമാനിക്കാം, ഇതിന് നേതൃത്വം നല്‍കിയ ഭരണകൂടങ്ങള്‍ക്കും പിന്നണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും സവ്വോപരി വികസനത്തിനായി വഴിമാറിക്കൊടുത്ത ആ നല്ലമനസ്സുകള്‍ക്കും.
അതാവട്ടെ പ്രധാന ലക്ഷ്യവും.
സിയാബ് പൊയില്‍ക്കാവ്