‘ഞങ്ങള്‍ക്ക് കുടിവെള്ളം വേണം’; വയലടയിലെ ക്വാറികളില്‍ നിന്നുള്ള മലിനജലം നീര്‍ച്ചാലുകളെ മലിനമാക്കുന്നതായി പരാതി


ബാലുശ്ശേരി: ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഒട്ടേറെ ജലസ്രോതസ്സുകളുടെ ഉദ്ഭവകേന്ദ്രമായ വയലടയില്‍ കരിങ്കല്‍ ക്വാറികള്‍ നീര്‍ച്ചാലുകളെയും അരുവികളെയും മലിനപ്പെടുത്തുന്നതായി വ്യാപക പരാതി. ക്വാറികളില്‍നിന്നുള്ള മലിനജലം നേരിട്ട് നീര്‍ച്ചാലുകളിലേക്ക് ഒഴുക്കിവിടുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് വെള്ളം കുടിക്കാന്‍പോലും പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നത്.

വയലടയിലെ ഉള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണ് മലകളില്‍നിന്ന് ഒഴുകിവരുന്ന ജലം അരുവികളില്‍നിന്ന് ശേഖരിച്ച് ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍, രണ്ടുക്വാറികള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വയലടയില്‍ അരുവികളില്‍നിന്ന് ശേഖരിക്കുന്ന വെള്ളം ചൂടാക്കുമ്പോള്‍ പ്രത്യേക ഊറല്‍ രൂപപ്പെടാന്‍ തുടങ്ങിയതായും കുടിവെള്ളമായി ഉപയോഗിക്കാന്‍പറ്റാതായെന്നും സ്ത്രീകള്‍ ഉള്‍പ്പെടെ പറയുന്നു.

വയലട മലകളിലെ ഉദ്ഭവകേന്ദ്രങ്ങളില്‍നിന്നുതന്നെ അരുവികള്‍ മലിനപ്പെടുന്നതായും ഇത് പുഴകളിലെ മത്സ്യസമ്പത്ത് ഉള്‍പ്പെടെ ജീവികളുടെ ആവാസവ്യവസ്ഥയെത്തന്നെ ബാധിക്കാന്‍ തുടങ്ങിയതായും നാട്ടുകാര്‍ പറഞ്ഞു.

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലെ മലകളില്‍ രണ്ടുക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയെ ക്വാറികള്‍ കാര്‍ന്നുകഴിഞ്ഞ കാഴ്ചയാണിപ്പോള്‍ കാണുന്നത്. ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനകം ക്വാറികള്‍ സന്ദര്‍ശിച്ച് ഉടമകളോട് പ്രശ്‌നത്തിന് പരിഹാരംകാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക ഗൗരവത്തിലാണ് കാണുന്നതെന്നും ശുദ്ധീകരണപ്രക്രിയ ഇനിയും ശക്തിപ്പെടുത്തുമെന്നും ക്വാറി ഉടമകള്‍ വ്യക്തമാക്കി.