ജോലിഭാരം, അവധിയില്ല, മാർച്ച് പാസ്റ്റ് പൊരിവെയിലിൽ; കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ അസംതൃപ്തി പുകയുന്നു


കൊയിലാണ്ടി: അർഹതപ്പെട്ട ഡ്യൂട്ടി ഓഫും അത്യാവശ്യ കാര്യത്തിനായി ലീവും അനുവദിക്കാത്തതിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോലീസുകാർ ക്കിടയിൽ മുറുമുറുപ്പുയരുന്നു. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള മാർച്ച് പാസ്റ്റ് നടത്തുന്നത് പൊരിവെയിലത്താണ്.

തെരഞ്ഞെടുപ്പ് വന്നതോടെ കുടുംബം പോറ്റാൻ ജോലി ചെയ്യുന്ന പോലീസുകാരന് വീട്ടുകാര്യങ്ങളിലൊന്നും പങ്കെടുക്കാനോ ശ്രദ്ധിക്കാനോ പറ്റാത്ത സ്ഥിതിയാണെന്ന് ഇവർ അടക്കം പറയുന്നു. പോലീസ് സേനയായതിനാൽ മറ്റ് സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നവരെപ്പോലെ പ്രതിഷേധിക്കാനോ പരാതിപ്പെടാനോ കഴിയില്ല.

മാനസിക പിരിമുറുക്കം സഹിച്ച് ജോലി ചെയ്യുകയാണ് ഇവർ. റൂറൽ ജില്ലയിലെ ഏറ്റവും വിസ്തൃതികൂടിയ സ്റ്റേഷൻ പരിധിയാണ് കൊയിലാണ്ടിയിലേത്. അറുപത് ജീവനക്കാരാണ് ഇവിടെയുള്ളത്. ഒരു എസ്.ഐയും, മൂന്ന് ജൂനിയർ എസ്.ഐമാരും, പത്ത് ഗ്രേഡ് എസ്.ഐ മാരും ബാക്കി സിവിൽ പോലീസ് ഓഫീസർമാരുമാണു ള്ളത്.

റൂറൽ ജില്ലയിൽ ഇത്രയേറെ ജോലി ഭാരമുള്ള സ്റ്റേഷൻ വേറെയില്ല. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് പിഷാരികാവ് ഉത്സവവും മറ്റും വന്നതോടെ പോലീസുകാരുടെ ജോലി ഭാരം കൂടിയതായി അവർ പറയുന്നു.