ജെ.എച്ച്.ഐ റാങ്ക് പട്ടിക പരിമിതപ്പെടുത്തിയതായി ആക്ഷേപം


കോഴിക്കോട്: ആരോഗ്യവകുപ്പ് ജെ.എച്ച്.ഐ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക പരിമിതപ്പെടുത്തിയതായി ആക്ഷേപം. മുന്നൂറിലേറെപ്പേര്‍ എഴുതിയ പരീക്ഷയില്‍ 76 പേരാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംപിടിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് പി.എസ്.സി പരീക്ഷ നടത്തിയത്.

കോഴിക്കോട്, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്കുളളവരെ മാത്രമാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പല ജില്ലകളിലും കട്ട് ഓഫ് മാര്‍ക്ക് കുറച്ചപ്പോള്‍ ചിലയിടത്ത് അത് കൂടി. ഇതാണ് കോഴിക്കോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്.

കോഴിക്കോട് 376 പേരാണ് അപേക്ഷകരായി ഉണ്ടായത്. ഇവരില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ പോലും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടില്ല. സപ്ലിമെന്റി ലീസ്റ്റില്‍ 44 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പട്ടികയിലുള്ളവരുടെ എണ്ണം കുറച്ചത് ജോലിസാധ്യത ഇല്ലാതാക്കുമെന്നാണ് ആശങ്ക. പ്രായം കഴിഞ്ഞതിനാല്‍ പലര്‍ക്കും ഇനി ഒരു പരീക്ഷ പോലും എഴുതാന്‍ കഴിയാത്ത സ്ഥിതിയാണുളളത്.

റാങ്ക് പട്ടിക വിപുലീകരിച്ചാല്‍ കൂടുതല്‍പ്പേര്‍ക്ക് അവസരം ലഭിക്കുമെന്നും അതിനുള്ള അവസരമൊരുക്കണമെന്നുമാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കാനാണ് ഇവരുടെ തീരുമാനം.