ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് ബാലുശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും; ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പാന്റ്‌സും ഷര്‍ട്ടും
ബാലുശ്ശേരി: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം മതിയെന്ന തീരുമാനത്തില്‍ ബാലുശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും. ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂളിന്റെ ഭാഗമായുള്ള ഹയര്‍സെക്കന്‍ഡറി (മിക്‌സഡ്) ഒന്നാംവര്‍ഷ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഇനി പാന്റ്‌സും ഷര്‍ട്ടും ധരിച്ച് സ്‌കൂളിലെത്തും. സയന്‍സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലെ 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളുമാണ് പുതിയ യൂണിഫോമില്‍ സ്‌കൂളിലെത്തുന്നത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കുര്‍ത്തയും പാന്റ്‌സും എന്ന നിര്‍ദേശത്തിനാണ് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. എന്നാല്‍, നിലവില്‍ സ്‌കൂളിലെത്തിച്ച യൂണിഫോമിനുള്ള തുണി കുര്‍ത്ത തയ്ക്കാന്‍ യോജിച്ചതല്ല. ഇത്തവണ പാന്റ്‌സും ഷര്‍ട്ടുമാക്കാനും അടുത്ത വര്‍ഷത്തോടെ കൂടുതല്‍ നല്ല കുര്‍ത്ത പോലുള്ളവയിലേക്കു മാറാനുമാണ് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്തരല്ലെന്നും അവര്‍ക്ക് എല്ലായിടങ്ങളിലും തുല്യതയുണ്ടന്ന് അവരെയും അതോടൊപ്പം സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ പുതിയ യൂണിഫോമിലൂടെ സാധിക്കുമെന്ന് കരുതുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഒന്നാംവര്‍ഷ ബാച്ചിന്റെ ക്ലാസ് തുടങ്ങുന്നത്. സര്‍ക്കാര്‍ ഈവര്‍ഷം യൂണിഫോം നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മാറ്റത്തിന് വൈകിക്കേണ്ടെന്നാണ് പി.ടി.എയുടെ തീരുമാനം. അടുത്തയാഴ്ചയോടെ പുതിയ യൂണിഫോം നിലവില്‍വരും.