ജൂലൈ ഒന്നു മുതല്‍ പേരാമ്പ്രയില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും


പേരാമ്പ്ര : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ഗതാഗത പരിഷ്‌ക്കരണങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ കര്‍ശനമാക്കാന്‍ തീരുമാനം. ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റി ഏപ്രിലില്‍ കൈക്കൊണ്ട തീരുമാനങ്ങളാണ് ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കുന്നത്.

പഞ്ചായത്ത് ഓഫീസില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ 29 ന് ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പേരാമ്പ്രയിലെ വാഹന പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്കിടയില്‍ വ്യക്തത ഉണ്ടാക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് അവര്‍ക്ക് നിര്‍ദേശിച്ച സ്ഥലങ്ങളില്‍ മാത്രം പാര്‍ക്കിംഗ് ഉറപ്പാക്കും.

പഞ്ചായത്തിന് ലഭിച്ച ഇലക്ട്രോണിക്ക് ഓട്ടോറിക്ഷകളുടെ അപേക്ഷ പരിശോധിച്ച് ജൂലൈ അഞ്ചിന് മുമ്പ് പി ജി പി നമ്പര്‍ നല്‍കാാനും പുതിയ അപേക്ഷ പഴയ വണ്ടി മാറ്റുന്നവര്‍ക്ക് മാത്രം പരിഗണിക്കാനുമാണ് തീരുമാനം. പി ജി പി നമ്പര്‍ പുതുക്കാത്തവര്‍ ജൂലൈ 15ന് പൂര്‍ത്തീകരിക്കണം. ഇക്കാര്യം പോലീസ് പരിശോധന നടത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

പഞ്ചായത്ത പ്രസിഡന്റ് വി.കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഹബീബുള്ള, കോ-ഓര്‍ഡിനേഷന്‍ കമ്മി കണ്‍വീനര്‍ പരാണ്ടി മനോജ്, മനോജ് എടാണി, പി.കെ റഹീം, ഒ.ടി രാജു, കുണ്ടംകര ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.