‘ജീവിതാവസാനം വരെ ചെങ്കൊടിത്തണലിൽ നാടിൻ്റെ നായകനായി’; കെ.കെ. രാഘവന്റെ വിയോഗത്തിൽ അനുശോചിച്ച് സി.പി.എം


മേപ്പയ്യൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ കെ.കെ. രാഘവന്റെ വിയോഗത്തിൽ സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി അനുശോചിച്ചു. കെ.കെ. രാഘവന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും തീർക്കുന്ന നഷ്ടം ചെറുതല്ലെന്ന് സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

മേപ്പയ്യൂരിൻ്റെ രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കെ.കെ. രാഘവൻ. കറകളഞ്ഞ രാഷ്ട്രീയ നേതാവ്, നിഷക്കളങ്കനായ പൊതുപ്രവർത്തകൻ, വികസനത്തിനായി സ്വന്തം പാത വെട്ടിത്തുറന്ന ഭരണാധികാരി, മാതൃക തീർത്ത സഹകാരി എന്നിങ്ങനെ വിശേഷണങ്ങൾക്കതീതമായ പൊതുജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. മേപ്പയ്യൂരിന്റെ രാഷ്ട്രീയ ഭൂപടത്തെ ചുവപ്പിൽ മുക്കാൻ അമരക്കാരനായി നിലകൊണ്ട വ്യക്തിയാണ് കെ.കെ. രാഘവനെന്നും പ്രസ്താവനയിൽ പറയുന്നു.

സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ അനുശോചന കുറിപ്പ്:

സഖാവ് കെ.കെ വിടവാങ്ങി

മേപ്പയ്യൂരിൻ്റെ രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് 88-ാം വയസ്സിൽ കെ.കെ പടിയിറങ്ങി. കറകളഞ്ഞ രാഷ്ട്രീയ നേതാവ്, നിഷക്കളങ്കനായ പൊതുപ്രവർത്തകൻ, വികസനത്തിനായി സ്വന്തം പാത വെട്ടിത്തുറന്ന ഭരണാധികാരി – മാതൃക തീർത്ത സഹകാരി, വിശേഷണങ്ങൾക്കതീതമായ പൊതുജീവിതം…മേപ്പയ്യൂരിൻ്റെ രാഷട്രീയ ഭൂപടത്തെ ചുവപ്പിൽ മുക്കാൻ അമരക്കാരനായി കെ.കെ നിലക്കൊണ്ടു.നാല് പതിറ്റാണ്ടിലേറെ നീണ്ട ജീവിതയാത്രയിൽ ഒരു ജനതയെയാകെ കെ.കെ ഒപ്പം കൂട്ടി.

ജന്മി-മാടമ്പിത്തരം കൊടികുത്തി വാണകാലത്ത് അവയ്ക്കെതിരെ അങ്കക്കലിയും അങ്കക്കളരിയും ഏറെയുയർന്നു ഈ മണ്ണിൽ.നിരവധി കമ്മ്യൂണിസ്റ്റുകാരുടെ ചോരയും വിയർപ്പുമൊഴുകി.മർദ്ദനവും ജയിലറയും കൂസാതെ അവർ മുന്നോട്ടു നടന്നു.ഇവർക്കു മുന്നിൽ ചെങ്കൊടിയേന്തി കെ.കെ അവരെ നയിച്ചു.മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ കാലം മുതൽ നിറസാന്നിദ്ധ്യമായി സഖാവുണ്ടായിരുന്നു. മേപ്പയ്യൂരിൽ പാർട്ടി ലോക്കൽ കമ്മിറ്റി രൂപീകരിച്ചപ്പോൾ രാഘവേട്ടൻ തന്നെ ആദ്യ സെക്രട്ടറിയായി.

തുടർന്നിങ്ങോട്ട് ജീവിതാവസാനം വരെ ചെങ്കൊടിത്തണലിൽ നാടിൻ്റെ നായകനായി.അയിത്തത്തിനെതിരായ സമരത്തിലും കുടികിടപ്പ് പോരാട്ടത്തിലും മുന്നണിപ്പോരാളിയായി രാഘവേട്ടൻ നേതൃത്വമായി മാറി. പണിയെടുക്കുന്നവൻ്റെ മനസ്സറിഞ്ഞ പ്രവർത്തനം സഖാവിനെ കെ.എസ്.കെ.ടി യുവിൻ്റെ സംസ്ഥാന നേതൃത്വം വരെ ഉയർത്തി. അടിയന്തിരാവസ്ഥക്കാലത്തെ പോരാട്ടം അഞ്ചര മാസക്കാലത്തെ ജയിൽവാസത്തിലേക്ക് നയിച്ചു. സഖാക്കൾ ഉണ്ണര, ഇബ്രാഹിം..രണ്ട് രക്തസാക്ഷികൾ… പ്രതിസന്ധികളിൽ അടിപതറാതെ രാഘവേട്ടൻ പാർട്ടിയെ നയിച്ചു.

ഭരണാധികാരിയെന്ന നിലയിലും കെ.കെ പുതിയ ചരിത്രം രചിച്ചു. വികസന ലോകത്തേക്ക് മേപ്പയൂരിനെ കൈ പിടിച്ചുയർത്തിയതിൽ രാഘവേട്ടൻ്റെ പങ്ക് വിവരാണാതീതമാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, പേരെടുത്ത സഹകാരി എന്നീ നിലകളിലും കെ.കെ പൊതു ജീവിതം അടയാളപ്പെടുത്തി.

സഖാവിൻ്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും തീർക്കുന്ന നഷ്ടം ചെറുതല്ല. കാലത്തിൻ്റെ പോർഭൂമികളിൽ രാഘവേട്ടൻ്റെ ജ്വലിക്കുന്ന ഓർമ്മകൾ നമുക്ക് കരുത്താകും… പ്രിയ സഖാവിന് ആദരാഞ്ജലികൾ
ലാൽ സലാം

പി.പി രാധാകൃഷ്ണൻ
സെക്രട്ടറി
സി.പി.എം മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റി


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.