ജില്ല പഞ്ചായത്തിനെ നയിക്കാന്‍ പുതിയ സാരഥി; പേരാമ്പ്ര ഡിവിഷനിലെ ഷീജ ശശി പ്രസിഡണ്ടാകും


പേരാമ്പ്ര: കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റാകാന്‍ ഷീജ ശശി. ബുധനാഴ്ച്ച ചേര്‍ന്ന സി പി എം ജില്ല കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. വ്യാഴാഴ്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷീജ ശശിയെ എല്‍ഡിഎഫ് മത്സരിപ്പിക്കും. പേരാമ്പ്ര ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷീജ നിലവില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയാണ്.

ജില്ലപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാനത്തില്‍ ജമീല നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതിനാല്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നത്. വനിത സംവരണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി.

2015-20 കാലയളവില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഷീജ ശശി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. സിപിഎം ചക്കിട്ടപാറ ലോക്കല്‍ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗം എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ചക്കിട്ടപാറ പോത്തനാമലയിലാണ് താമസം. ഭര്‍ത്താവ് ശശിധരന്‍.

വ്യാഴാഴ്ച രാവിലെ 11ന് ജില്ലപഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ്. കോടഞ്ചേരി ഡിവിഷനില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം അംബിക മംഗലത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കും. 27 അംഗ ജില്ല പഞ്ചായത്തില്‍ എല്‍ഡിഎഫിന് 18ഉം യുഡിഎഫിന് ഒമ്പതും അംഗങ്ങളാണുള്ളത്.