ജില്ലയിൽ ഇന്നും നാളെയും കൂട്ടപ്പരിശോധനാ ക്യാമ്പുകൾ


കോഴിക്കോട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ 21, 22 തീയതികളിൽ കോവിഡ്-19 മാസ് ടെസ്റ്റിങ് ക്യാമ്പുകൾ സംഘടിപ്പിക്കും. 40:60 എന്ന നിരക്കിൽ ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകളാണ് നടത്തുക. എല്ലാ പ്രൈമറി ഹെൽത്ത് സെന്ററിലും കുടുംബാ രോഗ്യകേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ 100 ടെസ്റ്റു വീതം നടത്തും.

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ദിവസം 200 ടെസ്റ്റ് വീതവും താലൂക്ക് ആശുപത്രികളിൽ 300 ടെസ്റ്റു വീതവും സർക്കാർ ത്വഗ്രോഗ ആശുപത്രിയിൽ 100 ടെസ്റ്റു വീതവും ചെയ്യും. ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിൽ ദിവസം 400 ടെസ്റ്റ് വീതവും സർക്കാർ മെഡിക്കൽ കോളേജിൽ 500 വീതവും ഐ.എം. സി.എച്ചിൽ 300 വീതവും ടെസ്റ്റുകൾ നടക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ്‌ ഡിസീസസിൽ 200 ടെസ്റ്റ് വീതം ചെയ്യും. മാസ് ടെസ്റ്റിങ് ക്യാമ്പിന് പുറമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ മൊബൈൽ ടീം ടെസ്റ്റിങ് നടത്തും. ചന്തകൾ, പൊതുസ്ഥലങ്ങൾ, ഡ്രൈവേഴ്സ് ഹബ്, ബസ്‌സ്റ്റാൻഡ്, ഹാർബർ, മാളുകൾ, ഇതരസംസ്ഥാനക്കാരുടെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ മൊബൈൽ ടീം ടെസ്റ്റിങ് നടത്തും.

പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ.പിയൂഷ് എം. അറിയിച്ചു. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ജില്ലയിൽ നടത്തിയ കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിൽ 42,920 സാംപിളുകളാണ് പരിശോധിച്ചത്.