ജില്ലയില്‍ സിപിഎമ്മിന്റെ 345 ബ്രാഞ്ചുകള്‍ നയിക്കുക വനിതകള്‍; പേരാമ്പ്രയില്‍ 33 വനിത സെക്രട്ടറിമാര്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിന്റെ 345 ബ്രാഞ്ചുകള്‍ നയിക്കുക വനിതകള്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി ജില്ലയിലെ 4192 ബ്രാഞ്ചുകളില്‍ സമ്മേളനം പുര്‍ത്തിയായപ്പോഴാണ് ഇത്രയധികം വനിതകള്‍ നേതൃനിരയിലേക്കെത്തിയത്. കഴിഞ്ഞ തവണ 3857 ബ്രാഞ്ചുകളുള്ളപ്പോള്‍ 111 വനിതകളായിരുന്നു സെക്രട്ടറിമാര്‍. എന്നാല്‍ നാല് വര്‍ഷത്തിനിടെ ബ്രാഞ്ചുകള്‍ 4192 ആയി ഉയര്‍ന്നപ്പോള്‍ 234 വനിതകള്‍ കൂടി കൂടുതല്‍ സെക്രട്ടറിമാരായി.

ജില്ലയില്‍ 51,587 പാര്‍ടി അംഗങ്ങളുള്ളതില്‍ 11,465 പേര്‍ വനിതകളാണ്. പാര്‍ടി പ്രവര്‍ത്തനത്തിലും സാംസ്‌കാരിക, സാമൂഹ്യരംഗത്തും കുടുംബശ്രീ പ്രവര്‍ത്തനത്തിലും തദ്ദേശ ഭരണത്തിലും നേതൃപരമായ പങ്ക് വഹിച്ച് ജനങ്ങളുടെ സ്നേഹാദരം പിടിച്ചുപറ്റിയവരാണിവര്‍. പേരാമ്പ്രയില്‍ 33 വനിതാ ബ്രാഞ്ച് സെക്രട്ടിമാരാനുള്ളത്.

ജില്ലയില്‍ ഏറ്റവുമധികം വനിതകള്‍ സെക്രട്ടറിമാരായിട്ടുള്ളത് ഫറോക്ക് ഏരിയയിലാണ്- 47. നാദാപുരം 13, ഒഞ്ചിയം 13, വടകര 22, പയ്യോളി 18, ബാലുശേരി 23, കക്കോടി 25, താമരശേരി 20, കുന്നുമ്മല്‍ 24, തിരുവമ്പാടി 21, കുന്നമംഗലം 11, കോഴിക്കോട് സൗത്ത് 27, കോഴിക്കോട് ടൗണ്‍ 14, കോഴിക്കോട് നോര്‍ത്ത് 10, കൊയിലാണ്ടി 24, പേരാമ്പ്ര 33 എന്നിങ്ങനെയാണ് ഏരിയ തിരിച്ചുള്ള വനിതാ ബ്രാഞ്ച് സെക്രട്ടറിമാര്‍.