ജില്ലയില്‍ സമ്പൂര്‍ണ കാന്‍സര്‍ പരിചരണ പദ്ധതിക്ക് തുടക്കമായി; വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: ‘നമ്മുടെ കോഴിക്കോട് ‘ പദ്ധതിക്കു കീഴില്‍ ജില്ലയില്‍ സമ്പൂര്‍ണ ക്യാന്‍സര്‍ പരിചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെയും ഇതു സംബന്ധിച്ച് ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ബോധവല്‍കരണ പരിപാടിയുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സ്തനാര്‍ബുദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ കണ്ടു പിടിക്കുകയും സമയബന്ധിതമായി ചികിത്സ ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഗര്‍ഭാശയഗള ക്യാന്‍സറിനെക്കുറിച്ച് ഫീല്‍ഡ് തലത്തില്‍ അവബോധം നല്‍കുന്നത് രോഗം നേരത്തെ കണ്ടു പിടിക്കുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും ഇത് സഹായിക്കും. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നാഷനല്‍ ഹെല്‍ത്ത് മിഷനും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു വര്‍ഷത്തെ പദ്ധതിയാണിത്.
ആശാ വര്‍ക്കര്‍മാര്‍ക്കുള്ള സ്‌ക്രീനിംഗ് ടൂള്‍ കൊണ്ട് ഫീല്‍ഡില്‍ നിന്ന് കാന്‍സര്‍ ലക്ഷണമുള്ളവരെ കണ്ടെത്തുകയും വി.ഐ.എ പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും. രോഗലക്ഷണം കണ്ടെത്തുന്നവരെ താലൂക്കടിസ്ഥാനത്തില്‍ കെ.എഫ്.ഒ.ജി യുടെ നേതൃത്വത്തില്‍ പരിശോധിച്ച് ചികിത്സ ഉറപ്പു വരുത്തും. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ടി.മോഹന്‍ദാസ്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.രാജേന്ദ്രന്‍, ഡിപിഎം ഡോ.എ.നവീന്‍, എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ.ബിപിന്‍ ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.