ജില്ലയില്‍ വേനല്‍ ജില്ലയില്‍ വേനല്‍ മഴ കനക്കുന്നു: എടച്ചേരിയില്‍ വീടുകള്‍ തകര്‍ന്നു, അടിയന്തര ഘട്ടങ്ങളില്‍ 0496 2623100 ബന്ധപ്പെടുക


കോഴിക്കോട്: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശം. എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍, കച്ചേരി എന്നിവിടങ്ങളില്‍ ഓരോ വീടുകള്‍ തകര്‍ന്നു. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി.നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാണ്. കടലോരത്ത് ശക്തിയായി പെയ്ത മഴ ദുരിതമാക്കിയിട്ടുണ്ട്. വെറ്റിലപ്പാറ അങ്കണവാടിയും പരിസരവും വെള്ളത്തില്‍ മുങ്ങി. പുളിയഞ്ചേരി, അണേല, കുറുവങ്ങാട്, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

എടച്ചേരി പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ കച്ചേരി യുപി സ്‌കൂളിന് സമീപത്തെ കുമുള്ളി ജാനുവിന്റെ വീട് ഞായറാഴ്ച രാവിലെ ഏഴോടെയാണ് തകര്‍ന്നത്. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ ആളപായം ഒഴിവായി. ഓടിട്ട ഒറ്റനില വീടാണ് തകര്‍ന്നത്. ഇരിങ്ങണ്ണൂര്‍ അഞ്ചാം വാര്‍ഡിലെ മാഞ്ഞോത്ത് മീത്തല്‍ ബീനയുടെ വീട് കാറ്റിലും മഴയിലും തകര്‍ന്നു. ബീനയും മക്കളും കടവത്തൂരിലെ വീട്ടിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മേല്‍ക്കൂരയുടെ ഓടും മരങ്ങളും തകര്‍ന്നുവീഴുകയായിരുന്നു. വീട്ടുധനങ്ങളടക്കം എല്ലാം നശിച്ചു.

കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാണ്. കടലോരത്ത് ശക്തിയായി പെയ്ത മഴ ദുരിതമാക്കിയിട്ടുണ്ട്. വെറ്റിലപ്പാറ അങ്കണവാടിയും പരിസരവും വെള്ളത്തില്‍ മുങ്ങി. പുളിയഞ്ചേരി, അണേല, കുറുവങ്ങാട്, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയില്‍ കനത്ത മഴയാണ്. ഒരാഴ്ചകൊണ്ട് 119 ശതമാനം പെയ്തു. 39.8 മില്ലി മീറ്റര്‍ പെയ്യേണ്ടിടത്ത് 87.4 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ഞായറാഴ്ച 26.2 മില്ലി മീറ്ററാണ് മഴ ലഭിച്ചത്. കൊയിലാണ്ടി 25.2, വടകര 18.2 കോഴിക്കോട് 35.2 മില്ലി മീറ്റര്‍ മഴപെയ്തു. മലയോരമേഖലയിലടക്കം കനത്ത മഴ തുടരുകയാണ്. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കുറ്റ്യാടി, വേളം, കുന്നുമ്മല്‍, നാദാപുരം, എടച്ചേരി എന്നിവിടങ്ങളിലും രണ്ട് ദിവസമായി മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തൊട്ടില്‍പ്പാലം പുഴ, കുറ്റ്യാടിപ്പുഴ, കടന്തറപ്പുഴ, വാണിമേല്‍ പുഴ, രാമന്‍ പുഴ, പൂനൂര്‍ പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പുയര്‍ന്നു. വനങ്ങളില്‍ മഴ തുടരുകയാണ്.

● കൺട്രോൾ റൂം തുറന്നു.
കൺട്രോൾ റൂം നമ്പറുകൾ കോഴിക്കോട്‌: 0495 -2371002 , കോഴിക്കോട്‌ താലൂക്ക്‌ :0495- 2372967 , കൊയിലാണ്ടി താലൂക്ക്‌: 0496- 2623100 , വടകര താലൂക്ക്‌ :0496 -2520361 ,താമരശേരി താലൂക്ക്‌ 0495 -2224088.
● ശ്രദ്ധിക്കാം
-പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങരുത്. ഒഴുക്ക് ശക്തമാകുന്നതിനാൽ അപകട സാധ്യത കൂടുതലാണ്.
-കാലാവസ്ഥാ മുന്നറിയിപ്പ്‌ നിരീക്ഷിക്കണം.
-അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറണം.
-ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണാൽ കെഎസ്‌ഇബിയുടെ 1912 എന്ന കൺട്രാൾ റൂം നമ്പറിൽ അറിയിക്കുക.
-മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക.
-വിനോദ സഞ്ചാരികൾ രാത്രിയാത്ര ഒഴിവാക്കുകയും താമസ സ്ഥലത്ത്‌ തുടരുകയും വേണം.
-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1077 ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം