ജില്ലയില്‍ നിന്ന് ലോക്ഡൗണില്‍ പിടിച്ചത് അരലക്ഷത്തോളം ലിറ്റര്‍ വ്യാജമദ്യം
കോഴിക്കോട്: ജില്ലയില്‍ ലോക്ഡൗണില്‍ മാത്രം എക്‌സൈസ്‌വകുപ്പ് പിടികൂടിയത് 47,554 ലിറ്റര്‍ വ്യാജമദ്യം. മെയ് മാസം തുടങ്ങി ജൂണ്‍ 15 വരെയുള്ള എക്‌സൈസ് വകുപ്പിന്റെ കണക്കാണിത്. ലോക് ഡൗണില്‍മാത്രം 230 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
കോഴിക്കോട് എക്‌സൈസ് റെയിഞ്ചിന്റെയും സര്‍ക്കിളുകളുടെയും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെയും സംയുക്തമായ പരിശോധനയിലാണ് ഇത്രയധികം വ്യാജമദ്യം പിടികൂടിയിട്ടുള്ളത്. ലോക്ഡൗണില്‍ മദ്യശാലകള്‍ അടച്ചിട്ടപ്പോഴാണ് വ്യാജമദ്യം വന്‍തോതില്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഒഴുകിയെത്തിയത്. മലയോരപ്രദേശങ്ങളിലാണ് ഏറ്റവുംകൂടുതല്‍ വ്യാജമദ്യം പിടികൂടിയിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. വീടുകളില്‍നിന്ന് വ്യാജമദ്യം പിടികൂടിയ ചില സംഭവങ്ങളുമുണ്ടായി.
എന്നാല്‍ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളില്‍നിന്നും കുന്നിന്‍ പ്രദേശങ്ങളില്‍നിന്നുമാണ് ഏറ്റവുമധികം വാഷും ചാരായവും പിടികൂടിയത്. കഴിഞ്ഞ ഏപ്രിലില്‍ 8070 ലിറ്റര്‍ വാഷായിരുന്നു പിടികൂടിയത്. ലോക്ഡൗണില്‍ എം.ഡി.എം.എ., കഞ്ചാവ് തുടങ്ങി ലഹരിമരുന്നുകള്‍ കടത്തുന്നതിനിടയില്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിടിച്ചെടുത്തവ (ലിറ്ററില്‍)വാഷ്46,688, ചാരായം199, കര്‍ണാടകമദ്യം217,ഗോവമദ്യം193, മാഹി മദ്യം257.
നഗരത്തില്‍നിന്നും കടകളിലെ വില്‍പ്പനയ്ക്കിടയിലും വ്യാജമദ്യം പിടികൂടുന്നുണ്ടെങ്കിലും കൂടുതലായും മലയോരപ്രദേശങ്ങളിലാണ്. പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് ജില്ല അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ.പ്രേം കൃഷ്ണന്‍ പറഞ്ഞു.