ജില്ലയില്‍ കൊവിഡ് കേസുകളും ടി.പി.ആര്‍ നിരക്കും താഴോട്ട്; ഇന്ന് 553 പേര്‍ക്ക് കൊവിഡ്, രോഗമുക്തര്‍ 775


കോഴിക്കോട്: ജില്ലയില്‍ ടി.പി.ആര്‍ നിരക്കിലും കോവിഡ് കേസുകളിലും നേരിയ കുറവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി പതിനൊന്നിന് മുകളിലായിരുന്നു ജില്ലയില്‍ രേഖപ്പെടുത്തിയ ടെസ്റ്റ് പേസിറ്റിവിറ്റി നിരക്ക്. ഇന്നത് 10.22 ശതമാനമായി കുറഞ്ഞത് ആശ്വാസം നല്‍കുന്നതാണ്. അതുപോലെ കൊവിഡ് കേസുകളുടെ എണ്ണത്തിലും കുറവുണ്ട്. 553 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 775 പേര്‍ കൂടി രോഗമുക്തി നേടി.

കോവിഡ് പോസിറ്റീവായ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 5514 പേരെ പരിശോധനക്ക് വിധേയരാക്കി. രോഗം സ്ഥിരീകരിച്ച് 7390 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 633 പേര്‍ ഉള്‍പ്പടെ 18424 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1167954 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3917 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.