ജില്ലയില്‍ കനത്ത മഴ തുടരുന്നു; എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്ന് ജനങ്ങൾക്ക് കളക്ടറുടെ നിര്‍ദ്ദേശം
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍ റെഡ്ഡി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
വീട്ടില്‍ നിന്ന് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ എല്ലാവരും തയ്യാറാവണമെന്നും കളക്ടര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. എമര്‍ജന്‍സി കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളുടെ പട്ടികയും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കുക
ജില്ലയിലെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിളും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ എല്ലാവരും തയ്യാറാവുകയും വേണം.
എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കള്‍ ഇവയൊക്കെയാണ്:
– ബെഡ്ഷീറ്റ്
– മാസ്‌ക്
– സാനിടൈസര്‍
– ടോര്‍ച്ച്
– 1 ലിറ്റര്‍ വെള്ളം (ഒരാള്‍ക്ക് )
– ORS പാക്കറ്റ്
– പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദരോഗം തുടങ്ങിയവക്കുള്ള ദിവസേന കഴിക്കുന്ന മരുന്നുകള്‍
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
– ബിസ്‌കറ്റ്, റസ്‌ക്, ഉണക്കമുന്തിരി, നിലക്കടല പോലെയുള്ള ലഘുഭക്ഷണ പദാര്‍ത്ഥങ്ങള്‍
– ചെറിയ ഒരു കത്തി, ബ്ലേഡ്
– 10 ക്ലോറിന്‍ ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കോള്‍ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
– ഭിന്നശേഷിക്കാര്‍ ആണെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന സഹായ ഉപകരണങ്ങള്‍
– അത്യാവശ്യം കുറച്ച് പണം, ATM
പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന രീതിയില്‍ വീട്ടില്‍ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക. എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും ചെയ്യുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തില്‍ ആരെയും കാത്ത് നില്‍ക്കാതെ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാന്‍ കഴിയുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.