ജില്ലയില്‍ കോവിഡ് വ്യാപനം; റമദാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ പ്രോട്ടോക്കോള്‍ പാലിക്കണം


കോഴിക്കോട്: റമദാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ കോവിഡിന്റെ വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തീരുമാനം. അധികൃതര്‍ കോഴിക്കോട് ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി.

കോവിഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ആരാധനകളില്‍ വീഴ്ച വരുത്താതെ ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. മഹല്ല് വാസികളില്‍ 45 വയസിന് മുകളിലുള്ളവര്‍ കഴിയുന്നതും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണം. സാമൂഹിക അകലം പാലിക്കണം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും, ചുമ, പനി, ജലദോഷം എന്നിവ ഉള്ളവരും പള്ളിയില്‍ വരാതിരിക്കുക . പള്ളിയിലെത്തുന്നവര്‍ സ്വന്തമായി മുസല്ല കൊണ്ട് വരണമെന്നും നിര്‍ദേശമുണ്ട്.

സാനിറ്റൈസര്‍ ഉപയോഗിക്കുക. പള്ളിയില്‍ അകത്തേക്ക് കയറുന്നത് ഒരു വഴിയിലൂടെയും പുറത്ത് ഇറങ്ങുന്നത് മറ്റൊരു വഴിയിലൂടെയുമാക്കി ക്രമീകരിക്കുക, തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്ത യോഗം മുക്കം ഉമ്മര്‍ ഫൈസി നിയന്ത്രിച്ചു.