ജാനകിക്കാട് കൂട്ടബലാത്സംഗം: പഴുതടച്ച അന്വേഷണം നടത്തി കുറ്റപത്രം വേഗം സമര്‍പ്പിക്കണമെന്ന് വി.ഡി സതീശന്‍; സര്‍ക്കാര്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ്


കോഴിക്കോട്: ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറയുന്നതല്ലാതെ ഇതിനായി സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജാനകിക്കാട്ടില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനായി പഴുതടച്ച രീതിയില്‍ അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


അതേസമയം കേസിലെ നാല് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കും. പോക്‌സോ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഒക്ടോബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ പ്രണയം നടിച്ച് ജാനകിക്കാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ബോധരഹിതയായ പെണ്‍കുട്ടിയെ നാല് പ്രതികളും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

കോഴിക്കോട് കുറ്റ്യാടിയില്‍ പതിനേഴുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെയായി സംസ്ഥാനത്ത് കൂടി വരുന്നത് ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയാറാകണം. നമ്മുടെ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തില്‍ അതു നടപ്പാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റ്യാടിയില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിന് പഴുതടച്ച രീതിയിലുള്ള അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണം.