ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ താവളമാക്കരുതെന്ന് യൂത്ത് ലീഗ്


പേരാമ്പ്ര: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം കേന്ദ്രീകരിച്ചു നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണമെന്നും പെണ്‍ കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ജാനകിക്കാടില്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും വേണ്ട രീതിയുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് യൂത്ത് ലീഗ് ആരോപിച്ചു. മദ്യപാനികളുടെ ശല്യം വിനോദ സഞ്ചാരികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും പകല്‍ സമയങ്ങളില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും പ്രാദേശവാസികളെ ഉള്‍പ്പെടുത്തി ജാഗ്രത സമിതിക്ക് രൂപം നല്‍കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, സലീം മിലാസ്, കെ.കെ റഫീഖ്, കെ.സി മുഹമ്മദ്, സത്താര്‍ കീഴരിയൂര്‍, ടി.കെ നഹാസ്, ശംസുദ്ധീന്‍ വടക്കയില്‍, സി.കെ ജറീഷ്, സുബൈര്‍ ഇളയടത്ത് എന്നിവര്‍ സംസാരിച്ചു.