ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; പ്രതികള്‍ റിമാന്‍ഡില്‍


കുറ്റ്യാടി : പതിനേഴുകാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ പോലീസ് അറസ്റ്റുചെയ്ത നാലു പ്രതികളെയും കോഴിക്കോട് പോക്‌സോ കോടതി റിമാൻഡ് ചെയ്തു. മൊയിലോത്തറയിലെ തെക്കെപ്പറമ്പത്ത് സായൂജ് (24), അടുക്കത്ത് പാറച്ചാലിൽ ഷിബു (32), മൊയിലോത്തറ തമഞ്ഞീമ്മൽ രാഹുൽ (22), കായക്കൊടി പാലോളി വീട്ടിൽ അക്ഷയ് (22) എന്നിവരെ ബുധനാഴ്ചയാണ് നാദാപുരം എ.എസ്.പി. പി. നിധിൻരാജിന്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം അറസ്റ്റുചെയ്തത്.

പെൺകുട്ടിയെ പീഡിപ്പിക്കുംമുമ്പ് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലിൽ പ്രതികൾ പറഞ്ഞത്. എന്നാൽ, ഇതിനു വിപരീതമായിരുന്നു പെൺകുട്ടിയുടെ മൊഴി. ശീതളപാനീയം കുടിച്ചെന്നും ഉടൻ മയങ്ങിപ്പോയെന്നുമായിരുന്നു പെൺകുട്ടി പറഞ്ഞത്. സംഭവത്തിനു മുന്നോടിയായി മദ്യപിച്ചിരുന്നതായി ഇവർ സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ നാലു പ്രതികളെയും പോലീസ് വടകര റൂറൽ എസ്.പി. ഓഫീസിൽ എത്തിച്ചു. എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ അവിടെവെച്ചും പോലീസ് പ്രതികളെ ചോദ്യംചെയ്യുകയും ശാസ്ത്രീയപരിശോധനകൾക്ക്‌ വിധേയരാക്കുകയുമുണ്ടായി. പ്രതികളെ കൊയിലാണ്ടി സബ് ജയിലിലേക്കുമാറ്റി.

കോഴിക്കോട് പോക്‌സോ കോടതി റിമാൻഡ് ചെയ്ത നാലു പ്രതികളെയും കസ്റ്റഡിയിൽ കിട്ടാൻ പോലീസ് വെള്ളിയാഴ്ച അപേക്ഷനൽകും. ഏഴുദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെടുക. സംഭവത്തെക്കുറിച്ചും പ്രതികളുടെ ലക്ഷ്യത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്നാണ് പോലീസ് നിലപാട്.

ഒപ്പം പെൺകുട്ടിയെ കുടിപ്പിച്ച ശീതളപാനീയത്തിൽ ചേർത്ത മയക്കുമരുന്നിനെക്കുറിച്ചും ഇത് കിട്ടിയത് എവിടെനിന്ന് എന്നതിനെക്കുറിച്ചും വിവരങ്ങൾ കിട്ടേണ്ടതുണ്ട്. പ്രതികൾക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.