ജാഗ്രതാ മൊബൈല്‍ യൂണിറ്റ് നെറ്റ്വര്‍ക്ക് സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍


കോഴിക്കോട്: അടിയന്തര മെഡിക്കല്‍ സഹായവുമായി ജാഗ്രതാ മൊബൈല്‍ യൂണിറ്റ് നെറ്റ്വര്‍ക്ക് സംസ്ഥാനത്ത് തന്നെ ആദ്യമായി കോഴിക്കോട് ജില്ലയില്‍. സിഎഫ്എല്‍ടിസികള്‍, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാതിരിക്കാന്‍ രണ്ടാം തല കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍, രണ്ടാം തരംഗത്തില്‍ ലക്ഷണങ്ങളില്ലാത്തവരെ പരിചരിക്കാനായി ഗൃഹവാസ പരിചരണ കേന്ദ്രങ്ങളടക്കം സജ്ജീകരിച്ചിരുന്നു

കോവിഡ് പോസിറ്റീവായവര്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി സംസ്ഥാനത്തെ തന്നെ ആദ്യത്തെ ‘ജാഗ്രത കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍’ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോടിന്റെ സഹകരണത്തോടെ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.


മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കോര്‍പറേഷന്‍ /മുനിസിപ്പാലിറ്റി /ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് തലത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.

16 ഹെല്‍ത്ത് ബ്ലോക്ക് തലത്തിലുള്ള കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ മെഡിക്കല്‍ ഓഫീസറും,സ്റ്റാഫ് നേഴ്‌സും, ആരോഗ്യപ്രവര്‍ത്തകയുമാണ് ഉണ്ടാവുക. ആവശ്യമായ സ്റ്റാഫിനെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉറപ്പുവരുത്തി.വാഹന സൗകര്യം ബ്ലോക്ക് പഞ്ചായത്ത് /മുനിസിപ്പാലിറ്റി ഉറപ്പ് വരുത്തിയിട്ടുണ്ട്.

പഞ്ചായത്ത് തലത്തിലുള്ള കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ സ്റ്റാഫ് നേഴ്‌സും, ആരോഗ്യപ്രവര്‍ത്തകയുമാണ് ഉണ്ടാവുക. ഇവരെ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. ടെലി മെഡിസിന്‍ സൗകര്യം പ്രയോജനപെടുത്തി ആവിശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും.

ഇവയുടെ സുഖമമായ പ്രവര്‍ത്തനം അതാത് തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തും. ഇതിനോടകം 82 മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് ടെസ്റ്റിനും ചികിത്സക്കുമായി നാഷണല്‍ ഹെല്‍ത് മിഷന്‍ 14 മൊബൈല്‍ യൂണിറ്റുകള്‍ ഇത് കൂടാതെ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇവ കൂടിയാകുമ്പോള്‍ 96 കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളാണ് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പഞ്ചായത്തും നാഷണല്‍ ഹെല്‍ത്ത് മിഷനുമാണ് പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 വരെ ആയിരിക്കും. എല്ലാവരും കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സേവവും, ടെലി മെഡിസിന്‍ സംവിധാനവും പരമാവധി പ്രയോജനപെടുത്തികൊണ്ട് അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.