ജാഗ്രതയോടെ കൊയിലാണ്ടി; കോവിഡ് പ്രതിരോധം ഊർജ്ജിതമാക്കി നഗരസഭ
കൊയിലാണ്ടി: കോവിഡ് വ്യാപനം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് കൊയിലാണ്ടി നഗരസഭ. ഇന്ന് നഗരസഭ പരിധിക്കകത്ത് 13 പുതിയ കോവിഡു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ആകെ 676 കോവിഡ് രോഗികളുണ്ട്. കോവിഡ് ബാധിതരായ
29 പേർ ആശുപത്രിയിലും, 31 പേർ എഫ്.എൽ.ടി.സി.യിലും 619 പേർ വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. നഗരസഭയിലെ വിവിധ വാർഡുകളിലായി ഇത് വരെ 26 പേർ കോവിഡ് കാരണം മരണത്തിനിരയായിട്ടുണ്ട്.
വാർഡ് 3, 6, 32, 34 വാർഡുകളിൽ രണ്ടു വീതവും, വാർഡ് 9, 10, 27, 31, 35 വാർഡുകളിൽ ഓരോ വീതവും കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഒമ്പതാം വാർഡിലാണ് നിലവിൽ കൂടുതൽ കോവിഡ് ബാധിതരുള്ളത്. 39 പേരാണ് ഇവിടെ രോഗബാധിതരായുള്ളത്.
കോവിഡ് പ്രതിരോധത്തിനായി നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 24 മണിക്കൂർ കോവിഡ് ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുന്നുണ്ട്. കോവിഡ് രോഗികൾക്കായി 150 കിടക്കകളുള്ള എഫ്.എൽ.ടി.സി യും, 24 മണിക്കൂറും പ്രവർത്തന സജ്ജമായ മൊബൈൽ മെഡിക്കൽ യൂണിറ്റും നഗരസഭ ഒരുക്കിയിട്ടുണ്ട്.