ജലവിതരണം മുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ബദല്‍സംവിധാനമൊരുക്കിയില്ല, സപ്പോര്‍ട്ട് ഡാം നിര്‍മ്മാണം തടഞ്ഞ് ചക്കിട്ടപാറ പഞ്ചായത്ത്
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ ജലവിരണം മുടങ്ങിയത് പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ സപ്പോര്‍ട്ട് ഡാം നിര്‍മ്മാണം തടഞ്ഞു. പെരുവണ്ണാമൂഴി അണക്കെട്ടില്‍ സപ്പോര്‍ട്ട് ഡാം നിര്‍മിക്കുന്നതിന്റെ ഭാഗമായി ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകളില്‍ തടസ്സപ്പെട്ട ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം പുനരാരംഭിക്കാന്‍ പത്തുദിവസത്തിനിപ്പുറവും ബദല്‍സംവിധാനമായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്.
ജനുവരി പതിനാല് മുതലാണ് കുടിവെള്ളവിതരണം മുടങ്ങിയത്. 10 ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും ബദല്‍സംവിധാനമായിട്ടില്ല. പഞ്ചായത്ത് കഴിഞ്ഞദിവസം ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയപ്പോള്‍ ജനുവരി 25ന് ജലവിതരണം പുനരാരംഭിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
പെരുവണ്ണാമൂഴി ഡാമിന്റെ ബലക്കുറവ് പരിഹരിക്കാനുള്ള സപ്പോര്‍ട്ട് ഡാം നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് ജല അതോറിറ്റി കുടിവെള്ള വിതരണത്തിന് ബദല്‍ സംവിധാനമൊരുക്കിയില്ലെന്നാണ് പരാതി പേരാമ്പ്ര ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രശ്‌നത്തിന് കാരണമെന്നും ജനപ്രതിനിധികളുമായി ആലോചിച്ചിട്ടില്ലെന്നും സമരക്കാര്‍ ആരോപിച്ചു.
അണക്കെട്ടില്‍നിന്ന് കനാലിലൂടെ തുറന്നുവിടുന്ന വെള്ളമാണ് റിവര്‍ സര്‍പ്ലസ് ഷട്ടറിന്റെ ഭാഗത്തുള്ള പൈപ്പ് വഴി പമ്പ് ഹൗസിലേക്ക് എത്തിക്കുന്നത്. അണക്കെട്ടിന്റെ മുന്‍ഭാഗത്ത് സപ്പോര്‍ട്ട് ഡാം നിര്‍മ്മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി കനാല്‍ തുടങ്ങുന്ന ഭാഗത്തുനിന്നടക്കം മണ്ണെടുത്ത് മാറ്റിയതോടെയാണ് കുടിവെള്ളവിതരണം തടസപ്പെട്ടത്. ജപ്പാന്‍ പദ്ധതി പൈപ്പുമായി ബന്ധിപ്പിച്ച് പ്രത്യേക വാല്‍വ് സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനാണ് ലക്ഷ്യമിടുന്നത്.
സമരത്തിനുശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ 28ന് രാവിലെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ ധാരണയായി ജല അതോറിറ്റി വെള്ളം പുനഃസ്ഥാപിക്കുന്നത് വരെ പഞ്ചായത്ത് ജലവിതരണം ചെയ്യും. സപ്പോര്‍ട്ട് നിര്‍മ്മാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പെരുവണ്ണാമുഴി റോഡിലെ പൊടിപടലങ്ങള്‍ ഒഴിവാക്കാന്‍ ജലഅതോറിറ്റി നടപടിയെടുക്കും.
പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, സ്ഥിരംസമിതി അധ്യക്ഷരായ ഇ.എം ശ്രീജിത്ത് സി.കെ ശശി, മെമ്പര്‍മാരായ കെ.എ ജോസ് കുട്ടി, ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത്, ബിന്ദു സജി, പേരാമ്പ്ര ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.മോഹനന്‍, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എച്ച് ഹബി എന്നിവര്‍ സംസാരിച്ചു.
അണക്കെട്ടിലെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കുടിവെള്ളവിതരണം തടസ്സപ്പെടുമെന്നുകാണിച്ച് നവംബറില്‍ത്തന്നെ ജലസേചനവിഭാഗം ജലഅതോറിറ്റിക്ക് കത്തുനല്‍കിയിരുന്നു. തുടര്‍ന്ന്, ജപ്പാന്‍ പദ്ധതിയില്‍നിന്ന് പെരുവണ്ണാമൂഴിയിലെ നേരത്തേയുള്ള ജലഅതോറിറ്റി പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കാന്‍ പ്രവൃത്തി നടത്താനുള്ള അടങ്കല്‍ അംഗീകാരത്തിനായും സമര്‍പ്പിച്ചു. അനുമതി ലഭിച്ച് കരാര്‍ നല്‍കി പ്രവൃത്തി നടത്താന്‍ താമസിച്ചതാണ് ഇപ്പോള്‍ കൂടുതല്‍ ദിവസങ്ങള്‍ കുടിവെള്ളം മുടങ്ങാന്‍ കാരണമായത്.