പേരാമ്പ്രയില്‍ ‘ജലജീവന്‍ പദ്ധതിയുടെ’ രൂപ രേഖ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചു


പേരാമ്പ്ര: ഗ്രാമീണ ഭവനങ്ങളില്‍ ഗുണമേന്മയുള്ള ശുദ്ധജലം എത്തിക്കുന്ന ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ നൊച്ചാട്, കീഴരിയൂര്‍, മേപ്പയ്യൂര്‍,അരിക്കുളം,ചങ്ങരോത്ത്, കൂത്താളി,ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന 397.66കോടി രൂപയുടെ വിശദമായ പദ്ധതി രൂപ രേഖ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചു .പെരുവണ്ണാമൂഴിയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 100ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ആധുനിക രീതിയിലുള്ള പുതിയ ജല ശുദ്ധീകരണ ശാലയില്‍ നിന്നും പ്രധാന പൈപ്പുകള്‍ വഴി ടാങ്കുകളില്‍ വെള്ളം എത്തിച്ച് ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജലം നേരിട്ട് എത്തുന്നരീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ചക്കിട്ടപാറ, പേരാമ്പ്ര, തുറയൂര്‍ പഞ്ചായത്ത് കളിലെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും ഗ്രാമപഞ്ചായത്ത് കളുടെയും ഗുണഭോക്താക്കളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ അവലോകനയോഗം ടി.പി.രാമകൃഷ്ണന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്നു. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (പ്രോജക്ട്)ബിജു, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗിരീഷ് എന്നിവര്‍ പദ്ധതിയുടെ വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.