ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റില്‍ കയറി, യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി എ.എസ്.ഐ; സംഭവം മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറുപ്പെട്ടപ്പോള്‍
കണ്ണൂർ : ട്രെയിനില്‍വെച്ച് എ.എസ്.ഐ യാത്രക്കാരനെ മര്‍ദ്ദിച്ചു. മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം. ടിക്കറ്റ് ഇല്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവം.
മര്‍ദ്ദിച്ച് അവശനാക്കിയശേഷം യാത്രക്കാരനെ അടുത്ത സ്റ്റേഷനില്‍ തള്ളുകയാണ് ചെയ്തത്. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റ് ഇല്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ബാഗില്‍ ടിക്കറ്റ് പരതുന്നതിനിടെ പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് നെഞ്ചിലും ശരീരഭാഗങ്ങളിലും ചവിട്ടുകയായിരുന്നു.
ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനെ ഇറക്കിവിടുകമാത്രമാണ് ചെയ്തതെന്നാണ് എ.എസ്.ഐയുടെ വിശദീകരണം.