ജനപ്രതിനിധിയെന്നാൽ ജനസേവനം; പുളിയഞ്ചേരിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളെ മറവ് ചെയ്യാൻ പി.പി.ഇ കിറ്റുമിട്ട് നഗരസഭ സ്റ്റാൻന്റിങ് കമ്മിറ്റി അധ്യക്ഷ നിജില പറവക്കൊടി; മാതൃക


കൊയിലാണ്ടി: ജനസേവനം എന്നത് പ്രതിസന്ധികൾക്കിടയിലും പതറാതെ നാടിനായ് ജനങ്ങൾക്കൊപ്പം മുന്നിട്ടിറങ്ങി പ്രവർത്തിക്കുക എന്നതാണെന്ന് തെളിയിക്കുകയാണ് കൊയിലാണ്ടി നഗരസഭയിലെ വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി. കോവിഡ് ബാധിതയായ സ്ത്രീയുടെ മൃതശരീരം മറവ് ചെയ്യുന്നതിന് നേതൃത്വം നൽകാൻ പ്രദേശത്തെ സുരക്ഷ വളണ്ടിയർമാരോടൊപ്പം പ്രവർത്തിച്ചാണ് ഇവർ മാതൃകയാവുന്നത്.

കൊയിലാണ്ടി നഗരസഭയിലെ അഞ്ചാം വാർഡിൽ കോവിഡ് ബാധിതയായി മരണപ്പെട്ട പുളിയഞ്ചേരിയിലെ തേവർതാഴ കുനി നാരായണിയുടെ ശവസംസ്ക്കാര ചടങ്ങിനാണ് ഇവർ നേതൃത്വം നൽകിയത്.

അഞ്ചാം വാർഡ് കൗൺസിലറായ നിജില പറവക്കൊടിയോടൊപ്പം തൊട്ടടുത്ത വാർഡിലെ കൗൺസിലറായ എൻ.ടി. രാജീവൻ, സി.പി.ഐ.എം ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ്, ലോക്കൽ കമ്മിറ്റിയംഗവും സുരക്ഷ കൺവീനറുമായിട്ടുള്ള എ.പി സുധീഷ് എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി.

രോഗവ്യാപനം അതി തീവ്രമായ സാഹചര്യത്തിൽ കോവിഡ് നിയമങ്ങൾ പാലിച്ച് സജ്ജരായ കൂടുതൽ പേർ സന്നദ്ധ പ്രവർത്തനത്തിനിറങ്ങണമെന്ന സന്ദേശം പകരുകയാണ് ചെയ്തതെന്ന് ഇവർ പറയുന്നു.