‘ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണം’; റോഡിന്റെ അറ്റകുറ്റ പണിയില്‍ വീഴ്ചയുണ്ടായാല്‍ പരാതിപ്പെടാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

കേരളത്തിൽ ഡി.എൽ.പി അടിസ്ഥാനത്തിൽ നിർമിച്ച റോഡുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഫക്ട് ലയബിലിറ്റി പിരിയഡിൽ നിർമിക്കുന്ന റോഡുകളുടെ വശങ്ങളിൽ കരാറുകാരന്‍റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെയും നമ്പറുകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് കൂടിക്കാഴ്ച നടത്തും. ദേശീയ പാത ആറ് വരിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാകുക. നിര്‍മാണം ഏറ്റെടുത്ത കരാറുകാരുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അറ്റകുറ്റ പണിക്കായി പ്രത്യേക പരിപാലന കരാര്‍ രൂപീകരിക്കണമെന്ന കേരളത്തിന്‍റെ ആവശ്യവും ചര്‍ച്ചയാകും.