ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവില വര്‍ദ്ധനവ്; തുടര്‍ച്ചയായ ഏട്ടാം ദിവസവും ഇന്ധന വില കൂട്ടി, കോഴിക്കോട് 103 കടന്ന് പെട്രോള്‍ വില


തിരുവനന്തപുരം: തുടർച്ചയായ ഏട്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 55 പൈസയും, ഡീസലിന് 96 രൂപ 89 പൈസയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 48 പൈസയും ഡീസലിന് 98 രൂപ 71 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 103 രൂപ 87 പൈസയും , ഡീസലിന് 97 രൂപ നാല് പൈസയും ആയി ഉയര്‍ന്നു. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2 രൂപ 7 പൈസയും ഡീസലിന് 3 രൂപ 6 പൈസയും കൂടി.

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില വർധനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.