ജനങ്ങളുടെ പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി റേഷന്‍ കടകളില്‍ ‘ഡ്രോപ് ബോക്‌സ്’ വരുന്നു


തിരുവനന്തപുരം: തിരുവനന്തപുരം: പരാതികളും നിര്‍ദേശങ്ങളും അധികൃതരെ അറിയിക്കാന്‍ റേഷന്‍ കടകളില്‍ ഡ്രോപ് ബോക്‌സ് സ്ഥാപിക്കാന്‍ തീരുമാനം. കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എ.ആര്‍.ഡി.യുമായി ബന്ധപ്പെട്ട പരാതികള്‍, റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അധികൃതരെ അറിയിക്കാനാകും.

ബോക്‌സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും. ഓരോ ആഴ്ചയുടെയും അവസാന പ്രവൃത്തിദിവസം റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ റേഷന്‍ ഡിപ്പോകളില്‍ സൂക്ഷിച്ചിട്ടുള്ള ബോക്‌സ് തുറന്ന് റേഷന്‍കാര്‍ഡിനെ സംബന്ധിച്ച അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസിലും റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില, എ.ആര്‍.ഡി.യുമായി ബന്ധപ്പെട്ട പരാതികള്‍, നിവേദനങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍ എന്നിവ എ.ആര്‍.ഡി. തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റിക്കും കൈമാറും.

2017 ല്‍ റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ കാര്‍ഡുടമകള്‍ക്ക് അവസരം നല്‍കും. ഇതിനായി തെളിമ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. കാര്‍ഡിലെ അംഗങ്ങളുടെ പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം, എല്‍.പി.ജി-വൈദ്യുതി കണക്ഷനുകളുടെ വിശദാംശങ്ങള്‍ എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനും പിശകുകള്‍ തിരുത്തുന്നതിനും എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ നടത്തും.

അടുത്ത ഏപ്രില്‍ മാസത്തോടെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലേക്ക് പോകുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ഉറപ്പുവരുത്തുവാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.