ജംഷീദിന്റെ മരണത്തിനിടയാക്കിയത് മയക്കുമരുന്നു ലോബിയെന്ന് സംശയം; കൂരാച്ചുണ്ടില്‍ ഡി.വൈ.എഫ്.ഐയുടെ പൊതുയോഗം
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ മയക്കുമരുന്ന് ലോബികള്‍ക്കെതിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ പ്രകടനവും പൊതുയോഗവും നടത്തി. കൂരാച്ചുണ്ട് സ്വദേശി ഉള്ളിക്കാംകുഴിയില്‍ ജംഷീദിന്റെ ദുരൂഹ മരണത്തില്‍ മയക്കുമരുന്ന് ലോബികള്‍ക്ക് പങ്കുണ്ടോ എന്നതില്‍ സമഗ്രാന്വേഷണം വേണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
മെയ് 11 ന് സുഹൃത്തുക്കളോടൊപ്പം ബാംഗ്ലൂരിലേക്ക് പോയ ജംഷിദിന്റെ മരണ വാര്‍ത്തയാണ് നാല് ദിവസത്തിന് ശേഷം ബന്ധുക്കള്‍ അറിയുന്നത്. മദ്ദൂര്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. തന്റെ മകന്‍ ആത്മഹത്യ ചെയ്യാന്‍ ഒരിക്കലും സാധ്യതയില്ലെന്ന് അച്ഛന്‍ മുഹമ്മദ് ഉറപ്പിച്ചു പറയുന്നു. മയക്കുമരുന്ന് ഉപയോഗവും വ്യാപാരവുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ക്കൊപ്പമാണ് മകന്‍ ബാംഗ്ലൂരിലേക്ക് പോയത് എന്ന് പിന്നീടാണ് അറിയുന്നത്. തന്റെ മകനെ ചതിയില്‍ പെടുത്തിയതാണന്നാണ് മുഹമ്മദ് ആരോപിക്കുന്നത്. ബാംഗ്ലൂരിലേക്ക് പോയ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും കഴിഞ്ഞമാസം ബാലുശ്ശേരി പോലീസ് നിരോധിതവും അപകടകരവുമായ മയക്കുമരുന്ന് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇത്് സംഭവത്തിന്റെ ഗൗരവവും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
സിപിഎം ഏരിയ കമ്മിറ്റി അംഗം വി.ജെ സണ്ണി പൊതുയോഗം ഉദ്ഘടനം ചെയ്തു. സി.പി.എം ലോക്കല്‍ സെക്രട്ടറി അരുണ്‍ കെ.ജി, അനീറ്റ് മുറിഞ്ഞകല്ലേല്‍, രാഗേഷ് ടി കെ, സോണറ്റ് വി.എസ്, ഹസീന വി.കെ എന്നിവര്‍ സംസാരിച്ചു.