ചോദ്യപേപ്പര്‍ ലഭിക്കാന്‍ വൈകി; വടകരയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പി.ജി പരീക്ഷ വിദ്യാര്‍ത്ഥികള്‍ എഴുതിയത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍


വടകര: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പി.ജി പരീക്ഷ വിദ്യാര്‍ത്ഥികള്‍ എഴുതിയത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍. ചോദ്യപേപ്പര്‍ ലഭിക്കാന്‍ വൈകിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ എഴുതേണ്ടി വന്നത്. രാത്രി ഏഴരയോടെയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പെണ്‍കുട്ടികളെ പൊലീസ് വാഹനത്തിലാണ് തിരികെ എത്തിച്ചത്.

കീഴല്‍ ശ്രീനാരായണ കോളജിലെ പിജി വിദ്യാര്‍ഥികളാണ് ചോദ്യപേപ്പര്‍ വൈകിയത് മൂലം ബുദ്ധിമുട്ടിയത്. എം.എ, എം.കോം, എം.എസ്.സി എന്നിവയുടെ പരീക്ഷയാണ് നടന്നത്. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കേണ്ടിയിരുന്ന അഞ്ച് വ്യത്യസ്ത വിഷയങ്ങളിലെ പരീക്ഷ തുടങ്ങാന്‍ രണ്ടു മണിക്കൂറോളം വൈകി. ഓണ്‍ലൈനില്‍ നല്‍കുന്ന ചോദ്യപേപ്പറിന്റെ പകര്‍പ്പ് എടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള സംവിധാനമാണ് സര്‍വകലാശാല ഒരുക്കിയത്. ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.

കോളജ് പോര്‍ട്ടലില്‍ ചോദ്യ പേപ്പറിന്റെ ലിങ്ക് വരാന്‍ താമസിച്ചതാണ് പരീക്ഷ വൈകാന്‍ കാരണമായത്. മുക്കാല്‍ മണിക്കൂറോളം കാത്തിരുന്നിട്ടും ലിങ്ക് ലഭിച്ചില്ല. വിവരം അറിയിക്കാന്‍ സര്‍വകലാശാല നല്‍കിയ 4 നമ്പറുകളില്‍ വിളിച്ചിട്ടും എടുത്തില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പരീക്ഷ കണ്‍ട്രോളറുമായി ബന്ധപ്പെട്ട് മൂന്നരയോടെയാണ് ചേദ്യപേപ്പര്‍ ലഭിച്ചത്. അതിന്റെ പ്രിന്റ് എടുത്ത് വിതരണം ചെയ്യാന്‍ പിന്നെയും വൈകി.

ഇതിനിടെ സൈക്കോളജി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയതും വിനയായി. ക്ലിനിക്കല്‍ സൈക്കോളജിക്ക് പകരം അപ്ലൈയ്ഡ് സൈക്കോളജിയുടെ ചോദ്യപേപ്പറാണ് ലഭിച്ചത്. ശരിയായ ചോദ്യപേപ്പര്‍ ലഭിക്കാന്‍ പിന്നെയും താമസം നേരിട്ടു. ഈ കുട്ടികള്‍ക്കാണ് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പരീക്ഷ എഴുതേണ്ടി വന്നത്. മൊത്തം നൂറോളം കുട്ടികളാണ് ഇന്നലെ പരീക്ഷ എഴുതാന്‍ എത്തിയിരുന്നത്.

പി.ജി യുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷയാണ് ഇന്നലെ നടന്നത്. ഓണ്‍ലൈന്‍ വഴിയായിരുന്നു ക്ലാസ്. ചോദ്യപേപ്പറും ഓണ്‍ലൈന്‍ വഴി അതത് കോളജിന് നല്‍കി കരുതലോടെ പ്രിന്റ് എടുത്ത് കുട്ടികള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. ഇക്കാര്യം നേരത്തെ കോളജുകളെ അറിയിച്ചിരുന്നു. രാത്രി പരീക്ഷ നടത്താനുള്ള സംവിധാനം കോളജിലെ ഹാളില്‍ ഉണ്ടായിരുന്നില്ല. തല്‍ക്കാലം വെളിച്ചം ഏര്‍പ്പെടുത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊള്ളാന്‍ അനുമതി നല്‍കുകയായിരുന്നു.