ചേമഞ്ചേരിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് മാത്രം 86 കേസുകള്‍
ചേമഞ്ചേരി: ചേമഞ്ചേരിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് മേഖലയില്‍ രോഗം സ്ഥിരീകരിച്ചത് 86 പേര്‍ക്കാണ്. ഇതോടെ ചേമഞ്ചേരിയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 291 ആയി. ചേമഞ്ചേരിയിലെ തിരുവങ്ങൂർ 9 ആം വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. മേഖലയില്‍ 36 ഓളം രോഗികള്‍ ഉണ്ട്. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി 8 ആം വാർഡ് വെറ്റിലപ്പാറയും 18 ആം വാർഡ് കാപ്പാടും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ചേമഞ്ചേരിയിലില്‍ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ കൊയിലാണ്ടി ന്യൂസ്.കോമിനോട് പറഞ്ഞു. പഞ്ചായത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശനമായ നിയന്ത്രണമാണ് ഒരുക്കിയത്. രോഗികൾക്കായി സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തന സജ്ജമാക്കി. സിഎഫ്എല്‍ടിസികളില്‍ എണ്‍പതോളം കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്.
വീടുകളിൽ തീരെ സൗകര്യമില്ലാത്ത രോഗികളെ സിഎഫ്എല്‍ടിസികളില്‍ പ്രവേശിപ്പിക്കും. വാര്‍ഡ് തലത്തില്‍ ആര്‍ആര്‍ടി സജീവമാക്കി. പൊതു ജനങ്ങളോട് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത് എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം. വില്‍പ്പന രാത്രി 9 മണി വരെ.
ചേമഞ്ചേരിയില്‍ വാക്‌സിനേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ശരിയായ രീതിയില്‍ തന്നെ പുരോഗമിക്കുന്നുണ്ടെന്നും 9000 ത്തില്‍ പരം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തിയിരുന്നു. ഈ മാസം 23, 27 നും ക്യാമ്പ് നടത്തുമെന്നും തീരദേശ മേഖലയില്‍ ക്യാമ്പ് സംഘടിപ്പിക്കാനുള്ള ഒരുക്കം നടന്ന് വരികയാണെന്നും സതി കിഴക്കയില്‍ പറഞ്ഞു.