ചേനായി കടവ് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; അപ്രോച്ച് റോഡിനായുള്ള സ്ഥലം മാര്‍ക്ക് ചെയ്തു


പേരാമ്പ്ര: ദീര്‍ഘനാളായുള്ള നാട്ടുകാരുടെ ആവശ്യമായ ചേനായി കടവ് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. പാലത്തിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡിനായുള്ള സ്ഥലം ഉദ്യോഗസ്ഥ സംഘം മാര്‍ക്ക് ചെയ്തു. പേരാമ്പ്ര- വേളം പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന എടവരാട് ചേനായി കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ചേനായി ഭാഗത്തെയും വേളം ഭാഗത്തെയും സ്ഥലങ്ങളാണ് മാര്‍ക്ക് ചെയ്തത്.

പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ യു.എല്‍.സി.സി സര്‍വ്വെ വിഭാഗത്തിന്റെ സഹായത്തോടെയാണ് സ്ഥലം മാര്‍ക്ക് ചെയ്തത്. പാലത്തിന് ആവശ്യമായ സ്ഥലം സൗജന്യയായി ലഭിച്ചാല്‍ നബാര്‍ഡ് വഴി പാലം പണി നടത്തുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചു. പാലം വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി ഷിനി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷാജി.കെ, ഓവര്‍സിയര്‍മാരായ അരുണ്‍.ടി, ബീന.ടി, ഷിജി.കെ എന്നിവരാണ് യു.എല്‍.സി.സി സര്‍വ്വെ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തത്.

കഴിഞ്ഞ ആറ് വര്‍ഷമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പ്രവര്‍ത്തനങ്ങളും പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ ഭരണപരമായ ഇടപെടലുമാണ് പാലം യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് നയിച്ചത്. രണ്ട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ത്ഥ്യമായാല്‍ യാത്രാ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. എടവരാട്-ചേനായി കടവില്‍ പാലം പണിയുകയെന്നത് ഇരുപഞ്ചായത്തുകളിലെയും ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.

ചേനായി കടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ വേളം, പെരുവയല്‍ മേഖലയിലുള്ളവര്‍ക്കും സമീപപ്രദേശത്തുകാര്‍ക്കും പേരാമ്പ്രയിലേക്കും അതുവഴി കോഴിക്കോട്ടേക്കുമുള്ള യാത്ര എളുപ്പമാകും. കുറ്റ്യാടി വഴിയോ കടിയങ്ങാട് വഴിയോ പോകാതെ തന്നെ ഏളുപ്പം പേരാമ്പ്രയിലേക്ക് എത്താന്‍ കഴിയും. വിദ്യാര്‍ഥികളടക്കം ദൈനംദിനയാത്ര ചെയ്യുന്നവര്‍ക്കെല്ലാം പാലം വരുന്നത് സഹായകമാകും. വ്യാപാരരംഗത്ത് പേരാമ്പ്ര പട്ടണത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യും. കൂടാതെ വികസനത്തില്‍ മുരടിച്ചുകിടക്കുന്ന മേഖലകള്‍ക്ക് വലിയനേട്ടമാകുന്നതോടൊപ്പം ഇരു പ്രദേശങ്ങളിലെയും രൂക്ഷമായ യാത്രാക്ലേശം ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യും.

പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷനു വേണ്ടി സര്‍ക്കാര്‍ 2015ല്‍ 4.70 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2016 ല്‍ യു.എല്‍.സി.സി കരയിലെയും പുഴയിലെയും പാറപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. 2016-ല്‍ പി.ഡബ്ല്യു.ഡി ക്ക് സമര്‍പ്പിച്ചതായും പറയുന്നു. പി.ഡബ്ലു.ഡിസൈന്‍ വിഭാഗം 2018 ഡിസംബറില്‍ ഡിസൈന്‍ പൂര്‍ത്തിയാക്കി. 129.40 മീറ്റര്‍ നീളം വരുന്ന പാലത്തിന് പേരാമ്പ്ര ഭാഗം 210 മീറ്ററും വേളം ഭാഗം 220 മീറ്ററുമുള്‍പ്പെടെ 430 മീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം. 11.30 കോടി പാലം നിര്‍മ്മാണത്തിനും 70 ലക്ഷം രൂപ സ്ഥലമേറ്റെടുക്കലിനുമുള്‍പ്പെടെ 12 കോടി രൂപയാണ് പാലത്തിന്റെ എസ്റ്റിമേറ്റ് തുകയായി കണക്കാക്കിയിട്ടുള്ളത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി അഷ്‌റഫ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സി മുജീബ് റഹ്‌മാന്‍, വേളം പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ സി.പി, ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.കെ കുഞ്ഞമ്മത് ഫൈസി, ഭാരവാഹികളായ പി.ടി.വിജയന്‍, കെ.കുഞ്ഞബ്ദുല്ല മാസ്റ്റര്‍, എടവത്ത് രാജു, വാളാഞ്ഞി ഇബ്രായി, കെ.കെ.സി മൂസ്സ, ഒ.രാജീവന്‍ മാസ്റ്റര്‍, കെ.സി ജയകൃഷ്ണന്‍, പുത്തൂര്‍ മുഹമ്മദലി, അബ്ദുല്ല മാസ്റ്റര്‍, സലീം ഹാജി, കെ.സി ഖാസിം, ഒ.ടി മുഹമ്മദ്, സ്ഥലമുടമകള്‍ സംബന്ധിച്ചു.