ചേനായി കടവ് പാലം നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്


പേരാമ്പ്ര : ചേനായി കടവ് പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാതെ പാതി വഴിയിലായിട്ട് നാളുകളേറെയായെന്ന് നാട്ടുകാര്‍ പറയുന്നു. സംസ്ഥാന ബജറ്റില്‍ ആവശ്യമായ തുക വകയിരുത്താത്തതിനാല്‍ ഫണ്ട് ലഭിക്കാന്‍ വേണ്ടി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത പ്രദേശവാസികളുടെ യോഗത്തില്‍ തീരുമാനമായി. എടവരാട് എഎംഎല്‍പി സ്‌കൂളിലാണ് യോഗം വിളിച്ച് ചേര്‍ത്തത്.

എസ്റ്റിമേറ്റിന്റെ 20% മെങ്കിലും തുക ലഭിച്ചാലെ പാലം പണി തുടങ്ങാന്‍ കഴിയൂവെന്നതിനാല്‍ അതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കുക, പേരാമ്പ്ര പിഡബ്ല്യൂഡി ഓഫീസ് മാര്‍ച്ച്, എടവരാട് ചേനായിലും വേളം പെരുവയലിലും പൊതുയോഗങ്ങള്‍ നടത്തുക, വീടുകള്‍ കയറി ലഘുലേഖകള്‍ വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.

യോഗം ഗ്രാമ പഞ്ചായത്ത് അംഗം ശ്രീലജ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രണ്ടാം വാര്‍ഡ് അംഗം റസ്മിന തങ്കേക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.കെ. കുഞ്ഞമ്മത് ഫൈസി, കെ. കുഞ്ഞബ്ദുല്ല, വാളാഞ്ഞി ഇബ്രായി, കെ.പി. രവീന്ദ്രന്‍, കെ.വി. കുഞ്ഞബ്ദുല്ല ഹാജി, കെ.സി. ജയകൃഷ്ണന്‍, ഒ. രാജീവന്‍, കെ.കെ.സി. മൂസ്സ, ആര്‍.എം. രവീന്ദ്രന്‍, ഇ.പി.ശിവദാസന്‍ നായര്‍, ഇ. വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര – വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേനായിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ഒമ്പത് കോടിയുടെ അടങ്കല്‍ തുക ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ചേനായി-പെരുവയല്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് 130 മീറ്റര്‍ നീളത്തില്‍ ചേനായി പാലം നിര്‍മിക്കുന്നതാണ് പദ്ധതി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക