ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ 800 ഡോസ് കോവിഷീല്‍ഡ് ഉപയോഗശൂന്യമായി; പാഴായത് എട്ടുലക്ഷംരൂപയുടെ വാക്‌സിന്‍
കോഴിക്കോട്: ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ 800 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗശൂന്യമായി. സൂക്ഷിച്ചപ്പോള്‍ താപനില ക്രമീകരിച്ചതിലെ പിഴവാണ് വാക്‌സിന്‍ പാഴാവാന്‍ കാരണം.
രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ മൈനസ് ഡിഗ്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചതാണ് വാക്‌സിന്‍ പാഴാവാനിടയാക്കിയത്. ജീവനക്കാരുടെ വീഴ്ചയെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാക്‌സിന്‍ അല്പം പോലും പാഴാക്കാതെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഏറെ കയ്യടി നേടിയിരുന്നു. അതിനിടെയാണ് അശ്രദ്ധകാരണം ഇത്രയേറെ വാക്‌സിന്‍ പാഴാവുന്നത്.
ഇതുമൂലം പെരുവയല്‍, മാവൂര്‍, പെരുമണ്ണ പഞ്ചായത്തുകളിലെ വാക്‌സിന്‍ വിതരണം താളംതെറ്റി. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.