ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം: സ്ഥലം വാങ്ങാൻ 71.48 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ


പേരാമ്പ്ര: ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടംനിർമിക്കാൻ കൂടുതൽ സ്ഥലംവാങ്ങാൻ 71.48 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 1.22 ഏക്കർ സ്ഥലമാണ് വാങ്ങുക. സ്വന്തമായി സ്ഥലമില്ലാത്തതോ സ്ഥലം അപര്യാപ്തമോ ആയ സ്കൂളുകൾക്ക് സ്ഥലംവാങ്ങാൻ ഫണ്ടനുവദിക്കാൻ 2019-2020 വർഷം ബജറ്റിൽ തുക വകയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിനും ഫണ്ടനുവദിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത്.

കഴിഞ്ഞവർഷം ചെറുവണ്ണൂർ ടൗണിന് സമീപം കണ്ടീത്താഴറോഡ് ഭാഗത്ത് ഒമ്പതാംവാർഡിൽപ്പെട്ട 50 സെന്റ് സ്ഥലം സ്കൂളിനായി വാങ്ങി വിദ്യാഭ്യാസ വകുപ്പിന് രജിസ്റ്റർചെയ്ത് നൽകിയിരുന്നു.

കോഴിക്കോട് ജില്ലാപഞ്ചായത്തും ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്തും ചേർന്ന് വകയിരുത്തിയ 30 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്ഥലംവാങ്ങിയത്. കൂടുതൽ സ്ഥലംവാങ്ങുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രൊപ്പോസൽ ഈവർഷം ജനുവരിയിൽ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതുപ്രകാരം ഫണ്ടനുവദിക്കാൻ മാർച്ചിൽ സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു.

എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തിൽ തുക യഥാസമയം അനുവദിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് 2121-2022 ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തണമെന്ന നിബന്ധനയോടെ സ്കൂൾ എജ്യുക്കേഷൻ ഇൻഫ്രാസ്ട്രക്ചർ എന്ന വിഭാഗത്തിൽ വകയിരുത്തിയ 70 കോടിയിൽനിന്നും വിനിയോഗിക്കാൻ ഓഗസ്റ്റിൽ പുതിയ ഉത്തരവിറങ്ങുകയായിരുന്നു.

ഒന്നുമുതൽ പത്തുവരെയായി 650-ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. 1937-ലാണ് ചെറുവണ്ണൂരിൽ 64 വിദ്യാർഥികളുമായി സ്കൂൾ തുടങ്ങിയത്. യു.പി.യായിരുന്ന സ്കൂൾ 2013-14 -ൽ ഹൈസ്കൂളായി ഉയർത്തുകയായിരുന്നു. കൂടുതൽ കുട്ടികൾ വർഷംതോറും സ്‌കൂളിൽ പഠനത്തിന് എത്തുന്നുണ്ടെങ്കിലും ആവശ്യത്തിന് ക്ലാസ്‌മുറിയില്ലാത്തത് പ്രശ്നമായിരുന്നു.

ഇവിടെ പഠിക്കുന്ന യു.പി. സ്കൂൾ വിദ്യാർഥികളെക്കൂടി ഉയർന്ന ക്ലാസുകളിലേക്ക് ഉൾക്കൊള്ളാൻ സ്ഥലമില്ല. പലരും ഇതിനാൽ ഹൈസ്കൂളിലേക്ക് മറ്റിടങ്ങളിലേക്ക് പോകേണ്ടിവരികയാണ്. ഇക്കാര്യം കണക്കിലെടുത്താണ് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലംവാങ്ങാൻ ശ്രമംതുടങ്ങിയത്. സ്ഥലം ലഭിക്കുന്നതോടെ പ്ലസ്ടു ഉൾപ്പടെ തുടങ്ങാൻ കെട്ടിടം നിർമിക്കാനാകും.